മദ്ധ്യസ്ഥത വിജയകരമല്ലെങ്കിൽ 25 മുതൽ അന്തിമ വാദം
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയോട് ജൂലായ് 18ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിർദ്ദശിച്ചു. റിപ്പോർട്ട് പരിശോധിച്ചശേഷം മദ്ധ്യസ്ഥശ്രമം വിജയകരമല്ലെന്ന നിഗമനത്തിൽ കോടതി എത്തിയാൽ ജൂലായ് 25 മുതൽ ദൈനംദിനാടിസ്ഥാനത്തിൽ അന്തിമവാദം തുടങ്ങിയേക്കും.
മദ്ധ്യസ്ഥ ശ്രമങ്ങളിൽ പുരോഗതി ഇല്ലെന്നും കേസ് എത്രയും വേഗം പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികളിലൊരാളായ ഗോപാൽസിംഗ് വിശാര നൽകിയ ഹർജിയിലാണ് ചീഫ്ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
വേഗത്തിൽ വാദം കേൾക്കണമെന്നും തീയതി തീരുമാനിക്കണമെന്നും ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് മദ്ധ്യസ്ഥ ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് തേടിയത്. മദ്ധ്യസ്ഥ സമിതിയെ വിമർശിക്കേണ്ട സമയമല്ലെന്ന‌് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ‌് ധവാൻ പറഞ്ഞു.
തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ മാർച്ച് എട്ടിനാണ് സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായി സമിതി രൂപീകരിച്ചത്. എട്ടാഴ്‌ചയാണ് അനുവദിച്ചത്. പിന്നീട് സമിതി അദ്ധ്യക്ഷന്റെ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 15വരെ കാലാവധി നീട്ടി നൽകുകയായിരുന്നു.
തർക്കമുള്ള 2.77 എക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |