
ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ്യുടെ ചിത്രം ജനനായകൻ വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ അറിയിച്ചു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ചയേ വിധി പറയൂ. ഈ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്.
അതേസമയം, സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഇന്ന് കോടതിയിലുണ്ടായത് റിവൈസ് കമ്മിറ്റിക്ക് സിനിമ വിട്ടത് ആരുടെ പരാതിയിലെന്ന കോടതിയുടെ ചോദ്യത്തിൽ സെൻസർ ബോർഡിന്റെ നാടകീയ വെളിപ്പെടുത്തലോടെയാണ് വാദം തുടങ്ങിയത്. ഡിസംബർ 22ന് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്ത 5 അംഗ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരാളാണ് പരാതിക്കാരനെന്ന് സെൻസർ ബോർഡ് അറിയിച്ചു. സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങളുണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നൽകാനാകില്ലെന്നുമാണ് വാദം.
റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ച ശേഷം 20 ദിവസത്തിനുള്ളിൽ സമിതി രൂപീകരിച്ചാൽ മതിയെന്നും ചെയർമാന്റെ അധികാരത്തെ തടയാൻ കോടതിക്ക് കഴിയില്ലെന്നുമാണ് സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചത്.
സെൻസർ ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയതെന്നും ഒരു അംഗത്തിന്റെ അഭിപ്രായത്തെ പരാതിയായി കാണാൻ ആകില്ലെന്നും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് മറുപടി നൽകി. ഇന്ന് തന്നെ തീരുമാനം അറിയിക്കണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചെങ്കിലും വിധി പറയാൻ മാറ്റുന്നുവെന്ന് ജസ്റ്റിസ് പി.ടി. ആശ അറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |