വിതുര: പൊന്മുടിയിൽ ഓണം ആഘോഷിക്കുന്നതിനായി പതിനായിരങ്ങൾ ഒഴുകിയെത്തി. അപ്പർസാനിറ്റോറിയവും പരിസരപ്രദേശങ്ങളും വാഹനങ്ങളാൽ നിറയുകയും വിതുര - പൊന്മുടി റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.
വനംവകുപ്പിന് പാസ് ഇനത്തിൽ രണ്ട് ലക്ഷത്തിൽപ്പരം രൂപയും ലഭിച്ചു. ഇനി ഞായറാഴ്ച വരെ പൊന്മുടിയിൽ തിരക്ക് തുടരും. എന്നാൽ ഇത്തവണയും പൊന്മുടിയിൽ ഓണാഘോഷമൊന്നും സംഘടിപ്പിച്ചിരുന്നില്ല. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ പൊൻമുട്ടയിടുന്ന പൊന്മുടിയെ തഴയുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സർക്കാരും ടൂറിസം വകുപ്പും സഞ്ചാരികളെ അവഗണിക്കുകയാണെങ്കിലും എല്ലാ വർഷവും ഓണനാളുകളിൽ ആയിരങ്ങളാണ് പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. കുട്ടികളടക്കം ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെയെത്തുന്നത്. പൊന്മുടിയും പരിസരവും വാഹനങ്ങളാൽ നിറയും. ഇതിലൂടെ പാസ് ഇനത്തിൽ വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ലഭിക്കാറുണ്ട്.
എന്നാൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ വികസനങ്ങൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞവർഷം ഓണനാളുകളിൽ ഒരുലക്ഷത്തോളം പേരാണ് പൊന്മുടിയിലേക്ക് ഒഴുകിയത്. തിരുവോണം, അവിട്ടം, ചതയം നാളുകളിലാണ് ഏറ്റവും കൂടുതൽപേർ എത്തിയത്.പൊന്മുടിക്ക് പുറമേ കല്ലാർ,ബോണക്കാട്,പേപ്പാറ, ചാത്തൻകോട്, ടൂറിസം മേഖലകളിലും ആയിരങ്ങളെത്തി.
വാഗ്ദാനങ്ങൾ കടലാസിൽ
ഒാണനാളുകളിൽ പൊന്മുടി - വിതുര റൂട്ടിൽ ഗതാഗതതടസവും നേരിട്ടു. ഇത്രയും സഞ്ചാരികൾ എത്തുന്ന പൊന്മുടിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി. പൊന്മുടിയിൽ സർക്കാരും വനംവകുപ്പും ലക്ഷക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിയത്. പുതിയ പൊലീസ് സ്റ്റേഷൻ വരെ നിർമ്മിച്ചിട്ടുണ്ട്. പക്ഷേ പൊന്മുടിയിൽ എൽ.ഡി.എഫ് സർക്കാരും യു.ഡി.എഫ് സർക്കാരും പ്രഖ്യാപിച്ച ഹെലിപ്പാഡും റോപ്പ് വേയും ഇപ്പോഴും കടലാസിലുറങ്ങുകയാണ്.
കനത്ത മഴ
ഇന്നലെ വൈകിട്ട് പൊന്മുടിയിൽ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തു. കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. സഞ്ചാരികൾ മഴ നനഞ്ഞു കുതിർന്നു. മഴ കനത്തതോടെ സഞ്ചാരികൾ പൊന്മുടി മലയിറങ്ങി. ഇന്നലെ പൊന്മുടിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്
വന്യമൃഗങ്ങളും
ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ പൊന്മുടിയിലും പരിസരത്തും കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചു. കാട്ടാന,കാട്ടുപോത്ത്,പന്നി,കരടി,പുലി,കുരങ്ങുകൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ പൊന്മുടി മേഖലയിൽ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |