സൂര്യൻ പുത്തൻനിറമാണ്ട ചെമ്പരത്തിപ്പൂവിന്റെ ശോഭയോടുകൂടി അസ്തഗിരിയിൽ മറഞ്ഞു.അതുവരെ ജാജല്യമാനമായ കിരണമേറ്റുപ്രസന്നമായിരുന്ന തന്റെ മനോഹരങ്ങളായ കരങ്ങളെ ഒതുക്കി. സന്തോഷമുളള കൊച്ചുകുട്ടികളെപ്പോലെ മന്ദഹാസം തൂകികൊണ്ട് ചന്ദ്രനും നക്ഷത്രരാജികളും ആകാശമണ്ഡലമാകെ വിതാനിച്ചു വിളങ്ങി.""
-സോമനാഥൻ"സി.വി.കുഞ്ഞുരാമൻ
മലയാളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാനമാകുകയാണ് സോമനാഥൻ.ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്. ആ പേരിലുമുണ്ടൊരു ചാന്ദ്രസ്പർശമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.ജോഹന്നാസ് ബർഗിലെ ബ്രിക്സ് ഉച്ചകോടിയുടെ വേദിയിൽ നിന്ന് ഫോണിൽ വിളിച്ച മോദി സോമനാഥിനെ വിശേഷിപ്പിച്ചതങ്ങനെയാണ്. ആഹ്ളാദം നിറഞ്ഞശബ്ദത്തിൽ മോദി പറഞ്ഞു "നിങ്ങളുടെ പേര് സോമനാഥ് എന്നാണ്,സോമനാഥ് എന്നാൽ ചന്ദ്ര (ചന്ദ്രൻ) എന്നാണ്.നിങ്ങൾക്കും നിങ്ങളുടെ മുഴുവൻടീമിനും എന്റെഅഭിനന്ദനങ്ങൾ.വളരെ വേഗം,നിങ്ങളെ വ്യക്തിപരമായി അഭിനന്ദിക്കാൻ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും,'
ആഗസ്റ്റ് 23.ശ്രാവണത്തിൽ നിന്ന് ഭാദ്രത്തിലേക്ക് ഇക്കുറി സോമനാഥൻ (ചന്ദ്രൻ) കടന്നത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു.അതിഥിയായെത്തിയ വിക്രം ലാൻഡർ അന്നാണ് ചാന്ദ്രഭൂവിലിറങ്ങിയത്.കൂടെപ്പോയ പ്രജ്ഞാൻ റോവർ പതിയെ പിച്ചവെച്ചു.അശോകചക്രവും സാരാനാഥിലെ സിംഹചിഹ്നങ്ങളും ആ മണ്ണിൽ പതിഞ്ഞു.ഇന്ത്യ പുതിയൊരു ചരിത്രമെഴുതി. മനുഷ്യന്റെ കാലടിപതിഞ്ഞ ഒരേയൊരുആകാശഗോളമാണു ചന്ദ്രൻ.ചന്ദ്രനിൽകാലുകുത്തിയ നീൽ ആംസ്ട്രോങ്ങ് പറഞ്ഞു, "എന്റെ ചെറിയ കാൽവയ്പ്പ് മനുഷ്യകുലത്തിന്റെ വലിയ മുന്നേറ്റമാണ്".ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇന്ത്യ സാധ്യമാക്കിയ ചന്ദ്രയാൻ 3,അതുപോലൊരുമുന്നേറ്റമായിരുന്നു. ദക്ഷിണധ്രുവത്തിലെ ജലസാന്നിദ്ധ്യത്തെ ആശ്രയിച്ചാകും മനുഷ്യന്റെ ഭാവി ഗോളാന്തരയാത്രകളെന്നതിനാൽ ആദ്യ പഥികനുള്ളസ്ഥാനം ചരിത്രത്തിലുടനീളം ഇന്ത്യയ്ക്കുണ്ടാകും.അതിന് നേതൃത്വം വഹിച്ചതാകട്ടെ സോമനാഥും.
ആലപ്പുഴ തുറവൂർ വേടാംപറമ്പിൽ ശ്രീധരപണിക്കരുടെയും തങ്കമ്മയുടെയും മകനായ സോമനാഥിന് ബഹിരാകാശകാഴ്ചകൾ ചൂണ്ടിക്കാട്ടിയത് അച്ഛനായിരുന്നു.രാത്രിയിൽ മുറ്റത്ത് പായ വിരിച്ചിരുന്ന് ചന്ദ്രനെയും നക്ഷത്രങ്ങളെയും ചൂണ്ടി അദ്ധ്യാപകനായ അച്ഛൻ,ശാസ്ത്രവും ചരിത്രവും കഥയും പറഞ്ഞുകൊടുത്തു.മുറ്റത്തുനിന്ന് കണ്ട ആ ചന്ദ്രനിൽ നിന്നാണ് മൂന്നാംചന്ദ്രയാനിലേക്ക് സോമനാഥ് വളർന്നത്.
കൊല്ലം റ്റി.കെ.എം.എൻജിനീയറിംഗ് കോളേജിൽനിന്ന് റാങ്കോടെ ബി.ടെക്ക്. ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് സ്വർണ്ണമെഡലോടെ എം.ടെക്ക്.പഠിത്തത്തിൽ മിടുമിടക്കന് പഠനവും പുസ്തകവായനയും ഹോബിയായിരുന്നില്ല.എക്കാലവും അത് അന്വേഷണമായിരുന്നു.ക്വിസിനും കാർട്ടൂണിനും സമ്മാനങ്ങൾ നേടിയിട്ടുള്ള സോമനാഥ് കർണാടക സംഗീതവും പഠിച്ചിട്ടുണ്ട്.
പണ്ട്,അരൂരിലെ ക്ലാസ് മുറികളിൽ ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ മനുഷ്യൻ ഇന്ന് ഭാരതത്തിലെ 140കോടി ജനങ്ങളുടെ അഭിമാനനായകനാണ്.
ആലപ്പുഴയിൽ അരൂർ – അരൂക്കുറ്റി റോഡിൽ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീടു തുറവൂർ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്.ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനി.തിരുവനന്തപുരത്തു ജി.എസ്.ടി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറാണ്.മകൾ മാലിക ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിൽ ഗവേഷണവിദ്യാർത്ഥിനി.മകൻ മാധവ് മുംബായിൽ ഐ.ടി.എൻജിനിയർ. വലിയമലയിലും തുമ്പയിലും ഇന്ത്യയുടെ ബഹിരാകാശലോകത്തിനൊപ്പം വളർന്ന സോമനാഥ് ജോലിക്ക് സമയപരിധി നോക്കാറില്ല.അതൊരുപരാതിയായി വീട്ടുകാർക്കുമില്ല. ആളെ വീട്ടിൽക്കിട്ടാൻ പ്രയാസമാണെങ്കിലും ഉള്ളസമയത്തെല്ലാം പാട്ടും സന്തോഷവുമാണെന്ന് ഭാര്യ വത്സലകുമാരി പറയുന്നു. വർഷങ്ങളായി ഈ ജോലിത്തിരക്ക് കാണുന്നു. എന്നാൽ,ഔദ്യോഗികവേഷം മാറ്റിക്കഴിഞ്ഞാൽ അദ്ദേഹം വെറുംവീട്ടുകാരനാണ്. സ്കൂൾവിദ്യാഭ്യാസം അരൂരിലും പ്രീഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. സ്കോളർഷിപ്പ് തുകകൊണ്ടാണ് പഠിച്ചത്. "ഇന്ത്യൻ ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളുടെയും അധിപനാണ് ചന്ദ്രൻ. നവഗ്രഹങ്ങളിലും അഷ്ടവസുക്കളിലും പ്രധാനിയുമാണത്രേ.സംസ്കൃതത്തിൽ 'ചന്ദ്ര' എന്ന പദത്തിന് ശോഭിക്കുന്നത്, തിളങ്ങുന്നത് എന്നൊക്കെ അർത്ഥം. ശ്രീപരമേശ്വരനും പാർവ്വതിയും (നവദുർഗ്ഗാഭാവത്തിൽ) ചന്ദ്രനെ ശിരസ്സിൽ ധരിക്കുന്നതായും വിശ്വാസം."
അതിശയിപ്പിച്ച ലാൻഡിംഗ്
ചന്ദ്രയാൻ 2വിന്റെ അനുഭവവും ലൂണയുടെ ദുരന്തവും ചന്ദ്രയാൻ 3ന്റെ ലാൻഡിംഗിനെ കുറിച്ച് ആശങ്കയുണ്ടാക്കിയിരുന്നു.എന്നാൽ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞർക്ക് ഇത്തവണ അനിശ്ചിതത്വമില്ലായിരുന്നു.അത്രയേറെ ഹോംവർക്ക് നടത്തിയിരുന്നു.കഴിഞ്ഞതവണ ത്രസ്റ്റ് നൽകിയത് കുറച്ചുകൂടിപ്പോയി.അത്ര ദൂരേയ്ക്ക് അയച്ചതിന് ശേഷം ഉത്കണ്ഠപ്പെട്ടിട്ട് കാര്യമില്ല.പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുക.വാസ്തവത്തിൽ ലാൻഡിംഗ് കൈവിട്ട കളിയാണെങ്കിലും അതിനേക്കാളേറെ ടെൻഷൻ നൽകുന്നത് റോക്കറ്റ് ലോഞ്ചിംഗാണെന്ന് സോമനാഥ് പറയുന്നു. നാല് വ്യത്യസ്ത എൻജിനുകൾ പ്രവർത്തിക്കണം.നാല് ഭാഗങ്ങൾ കൃത്യസമയങ്ങളിൽ വേർപെടണം.ഇത്തരം റിസ്കുകളൊന്നും ലാൻഡിംഗിനില്ല.അത് റിസ്ക് കുറഞ്ഞ ഇടപാടാണ്.അതിനുള്ള സോഫ്റ്റ് വെയർ പ്രവർത്തിക്കണം. ചന്ദ്രനിലാണെന്നത് മാത്രമാണ് അതിന്റെ പ്രധാന്യം.ലാൻഡ് ചെയ്യുന്നത് എൻജിനുകൾ വിപരീതദിശയിൽ പ്രവർത്തിപ്പിച്ചുകൊണ്ടാണ്. സ്പീഡ് കുറയ്ക്കാലാണിവിടെ.റോക്കറ്റിലാകുമ്പോൾ സ്പീഡ് കൂട്ടണം.ടെക്നോളജി നോക്കുമ്പോൾ അത്രയുമില്ല. ഇനേർഷ്യൽ സെൻസറുകൾ,ക്യാമറ,ലേസർ,റഡാർ. തുടങ്ങി ഉപകരണങ്ങൾ പലതുണ്ട്. അവ കാര്യക്ഷമമായി പ്രവർത്തിക്കണം.എന്നാൽ ഇതൊന്നുമില്ലാതെ പ്രൈമറി ഇൻസ്ട്രുമെന്റ് ഉപയോഗിച്ച് തന്നെ ഇത്തവണ സുഗമമായി ലാൻഡ് ചെയ്തു.
ലാൻഡിംഗ് എന്നത് മാനേജ്മെന്റ് വൈദഗ്ധ്യം കൂടിയാണ്. ആദ്യശ്രമംപാളിപ്പോയത് മാനേജ്മെന്റ് പിഴവെന്നേ പറയാനൊക്കൂ,റഷ്യൻ ലൂണയുടെ പരാജയവും അതുതന്നെ.അവർക്ക് സാങ്കേതികജ്ഞാനത്തിന്റെ കുറവൊന്നുമില്ല.പക്ഷെ മാനേജ്മെന്റിൽ പിഴച്ചാൽ തീർന്നു.
സ്വപ്നങ്ങളല്ല, ചില മനുഷ്യരാണ് എന്നെ ഞാനാക്കിയത്
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ സഹായിച്ച ചിലയാളുകളുണ്ട്.മുൻ ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.ജി.മാധവൻനായർ അതിലൊരാളാണ്.പ്രഗൽഭനായ ടെക്നോളജി മാനേജരായിരുന്നു അദ്ദേഹം.ഒരു പ്രശ്നമുണ്ടായാൽ പെട്ടെന്ന് മനസിലാക്കി തീരുമാനമെടുക്കും. എൽ.പി.എസ്.സി.ഡയറക്ടറായിരുന്ന രാമാനുജം വരദരാജ പെരുമാളായിരുന്നു ഗുരുതുല്യനായ മറ്റൊരാൾ.പ്രതിഭാസമ്പന്നനായ എൻജിനിയർ.അതുപോലെയാകാൻ ശ്രമിച്ചിട്ടുണ്ട്. തൊഴിലിലും ജീവിതത്തിലും അദ്ദേഹം പ്രചോദനമായി.ഇന്നൊരുചരിത്രദൗത്യത്തിനാെപ്പം ഞാനെത്തിയെങ്കിൽ അതിന് കാരണക്കാരൻ വി.എസ്.എസ്.സി.യുടെ മുൻ ഡയറക്ടറായിരുന്ന എസ്.രാമകൃഷ്ണനാണ്. മെന്ററായിരുന്നു എനിക്ക്. അദ്ദേഹം.ഇരുപത് വർഷക്കാലം കൂടെ കൊണ്ടുനടന്നു.വ്യക്തിത്വം രൂപപ്പെടുത്താൻ,തൊഴിലിൽ തിളങ്ങാൻ,പെരുമാറാൻ,കാര്യങ്ങൾ മാനേജ്ചെയ്യാൻ എല്ലാം പഠിപ്പിച്ചു.എന്തിന് കാര്യങ്ങൾ നന്നായി അവതരിപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും വരെ പഠിപ്പിച്ചു.ധൈര്യം തന്നു.എനിക്കിതിനൊക്കെ കഴിയുമെന്ന് കണ്ടെത്തി വളർത്തിയ മനുഷ്യനായിരുന്നു അദ്ദേഹം.
മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.രാധാകൃഷ്ണനും നല്ലപോലെ പിന്തുണ നൽകിയിട്ടുണ്ട്. വി.എസ്.എസ്.സിയിൽ പ്രവർത്തിക്കുമ്പോൾ താനുൾപ്പെടെ പത്തോളംപേരെ തിരഞ്ഞെടുത്ത് അദ്ദേഹം മികച്ച പ്രൊഫഷണലുകളാക്കി.സോമനാഥ് പറഞ്ഞു.
1985ൽ ആദ്യ പി.എസ്.എൽ.വി. റോക്കറ്റിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ ഐ.എസ്.ആർ.ഒ. തിരഞ്ഞെടുത്ത പ്രഗല്ഭവിദ്യാർഥികളിലൊരാളായിരുന്നു കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥി സോമനാഥ്. പി.സുരേഷ് ബാബു,വി.പി.ജോയ്,ജെയിംസ് കെ. ജോർജ്, ഷാജിചെറിയാൻ എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് സോമനാഥും ഐ.എസ്.ആർ.ഒ.യുടെ വലിയമല കേന്ദ്രത്തിലെത്തിയത്. ഇവരിൽ ജെയിംസും ഷാജിയും സോമനാഥിന്റെ സഹപ്രവർത്തകരായി.വി.പി.ജോയി കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി. പി.സുരേഷ് ബാബുവും ഐ.എ.എസിലെത്തി.
വിശ്വാസം, അതല്ല എല്ലാം
ഞാനൊരു ഒരു 'ട്രഡീഷണൽ' ഭക്തനല്ല എന്നാൽ ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ അതിനപ്പുറം എന്തെന്നോർത്ത് അത്ഭുതപ്പെടും. സമയം,കാലം,പ്രപഞ്ചസൃഷ്ടി ഇതാെക്കെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ്.നമുക്ക് അറിയാവുന്നതിന് ഒരു പരിധിയുണ്ട്.അത് ബോധ്യപ്പെടുമ്പോഴാണ് വിശ്വാസം വേറൊരു തലത്തുന്നത്
ചാന്ദ്രയാത്ര പ്രപഞ്ചസൃഷ്ടിയുടെ ഉള്ളറകൾ തേടിയാണെങ്കിൽ അതിനും അപ്പുറമുള്ള അറിയാരഹസ്യങ്ങൾ തേടിയുള്ള അന്വേഷണമാണ് ആത്മീയത. ഏകദൈവം അഥവാ ബ്രഹ്മത്തെ കുറിച്ചുള്ള അറിവ് ഇന്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.വിഗ്രഹാരാധകരും പ്രഭാഷണങ്ങൾ ഇഷ്ടമുള്ളവരും പ്രപഞ്ചസൃഷ്ടിയുടെ രഹസ്യംതേടുന്നവരുമുണ്ട്.കൺസെപ്റ്റ് ഒഫ് ക്രിയേഷൻ, കൺസെപ്റ്റ് ഒഫ് ടൈം എന്നിവ ശാസ്ത്രജ്ഞരെപ്പോലും അതിശയപ്പിക്കുന്നു.നീൽ ഡൊണാൾഡ് വാൽഷിന്റെ 'കോൺവെർസേഷൻ വിത്ത് ഗോഡ്'എന്ന പുസ്തകം 'ദ താവോ ഒഫ് ഫിസിക്സ് 'തുടങ്ങിയവ നമ്മളെ വേറൊരുതലത്തിലാണ് എത്തിക്കുന്നത്. സാധാരണക്കാരന് വിശ്വാസം ആരാധനയാണെങ്കിൽ വിജ്ഞാനിക്ക് അത് അന്വേഷണമാണ്. വേദങ്ങൾ ഒരു വ്യക്തിയുണ്ടാക്കിയതല്ല. ഒരുപാട് വ്യക്തികളുടെ ചിന്തകളിൽ ഉരുത്തിരിഞ്ഞതാണ്.സുകുമാർ അഴിക്കോടിന്റെ പുസ്തകങ്ങൾ വായിച്ചാൽ കാലം, സമയം, പ്രപഞ്ചം, സൃഷ്ടി തുടങ്ങിയ ആശയങ്ങൾ സമസ്യകളെന്ന തിരിച്ചറിവുണ്ടാകും.തത്വമസി നമ്മളോടു സംസാരിക്കുന്നത് വേദങ്ങളിൽ എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്നാണ്. ശാസ്ത്ര ഗവേഷണങ്ങൾ കഴിഞ്ഞാൽ വായനയാണ് മനസിനെ ത്രസിപ്പിക്കുന്നത്. ചെറുപ്പത്തിൽ ഫിക്ഷനുകളോടായിരുന്നു ആഭിമുഖ്യം. ഇപ്പോൾ കൂടുതലും ശാസ്ത്രഗ്രന്ഥങ്ങളും ആത്മീയപുസ്തകങ്ങളുമാണ് വായിക്കുന്നത്. അതിലൂടെയുണ്ടായ മാനസികപരിവർത്തനമാണ് ക്ഷേത്രങ്ങളിലെത്തിച്ചത്.
നിറഞ്ഞ ആഘോഷമായി ഓണം
'ഭൂമിയില്ലെങ്കിൽ ആകാശവും ശൂന്യാകാശവും മറ്റുഗ്രഹങ്ങളുമില്ല. അതുകൊണ്ട് ആകാശങ്ങൾ സ്വപ്നംകാണുന്നത് ഭൂമിയിൽ നിലയുറപ്പിച്ചുകൊണ്ടാകണം.' അതാണ് ജീവിതനയം. അതുകൊണ്ടാകണം,അദ്ദേഹത്തിന്റെ അമ്പലംമുക്ക് മുരളീനഗറിലെ ശ്രീവാസം വീട്ടിൽ മണ്ണിന്റെ മണവും ഭൂമിയുടെ സംഗീതവും നിറഞ്ഞുനിൽക്കുന്നത്.എസ്.എസ്.എൽ.സി. പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനുള്ള സമ്മാനം വാങ്ങിക്കാനാണ് സോമനാഥ് തിരുവനന്തപുരത്ത് ആദ്യമായി വന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം ചന്ദ്രയാന്റെ വിജയത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ നാല് ബഹിരാകാശസ്ഥാപനങ്ങളിൽ ഒന്നിന്റെ തലവനായി.ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞരിൽ ഒരാൾ.ആ ഖ്യാതികളഴിച്ചുവെച്ച് അദ്ദേഹം നാട്ടിൽ മടങ്ങിയെത്തി.ഒാണമുണ്ടെണ.ആഘോഷമായി ഒന്നുമില്ല.മക്കൾക്ക് രണ്ടാൾക്കും വരാനാ്യല്ല.പിന്നെ ബന്ധുക്കളേയും മുതിർന്നവരേയും സുഹൃത്തുക്കളേയും കണ്ടെണ.അതായിരുന്നു സോമനാഥിന് ഈ ഓണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |