തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്രുകൾ ഹാജരാക്കിയുള്ള തട്ടിപ്പ് തടയാൻ കേരള സർവകലാശാലയിൽ പ്രത്യേക സെൽ രൂപീകരിച്ചു. കോളേജ്, വാഴ്സിറ്റി തലങ്ങളിലും ഇനി മുതൽ പരിശോധനയുണ്ടാവും. പ്രവേശന നടപടികൾ ഏകോപിപ്പിക്കാൻ എല്ലാ കോളേജുകളിലും നോഡൽ ഓഫീസറെ നിയമിക്കും. വിദ്യാർത്ഥികൾ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ ഈ നോഡൽ ഓഫീസറും പ്രിൻസിപ്പലോ സ്ഥാപന മേധാവിയോ അടങ്ങുന്ന സമിതിയും പരിശോധിച്ച് രേഖാമൂലം ഉറപ്പാക്കണം. ഇക്കാര്യം വാഴ്സിറ്റിയെ അറിയിക്കണം. യഥാർത്ഥ രേഖകളുടെ ആധികാരികത പ്രവേശനത്തിനു മുൻപ് ഉറപ്പാക്കിയിരിക്കണം. സംശയമുണ്ടെങ്കിൽ വിവരം സർവകലാശാലയെ അറിയിക്കണം. ആധികാരികത ഉറപ്പാക്കുംവരെ താത്കാലിക പ്രവേശനമേ നൽകാവൂ. സർവകലാശാലയുടെ അനുമതിയില്ലാതെ ഇത്തരക്കാർക്ക് പ്രവേശനം നൽകിയാൽ അതിന്റെ ഉത്തരവാദിത്വം കോളേജിനായിരിക്കും. വകുപ്പുകളിലെ പ്രവേശനത്തിന്റെ ഉത്തരവാദിത്വം വകുപ്പ് മേധാവിക്കായിരിക്കും. മേൽനോട്ടച്ചുമതല പ്രിൻസിപ്പലിനും കോളേജ് മേധാവിക്കുമായിരിക്കും. നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രേഖകൾ കോളേജുകൾ മൂന്നു മാസത്തിനകം പരിശോധിച്ച് ഉറപ്പാക്കണം.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ സർവകലാശാലയിൽ അസി. രജിസ്ട്രാറും സെക്ഷൻ ഓഫീസറും അസിസ്റ്റന്റുമടങ്ങിയ ജനുവിന്യസ് വെരിഫിക്കേഷൻ സെൽ രൂപീകരിച്ചു. അന്യസംസ്ഥാന സർവകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഈ സമിതി പരിശോധിക്കും. ഈ നടപടി പൂർത്തിയായ ശേഷമേ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കൂ. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാനുള്ളവർക്ക് കോളേജുകളിൽ താത്കാലിക പ്രവേശനമേ അനുവദിക്കൂ. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 2000 രൂപ വിദ്യാർത്ഥിയിൽ നിന്ന് ഈടാക്കും. സംസ്ഥാനത്തെ വാഴ്സിറ്റികളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും ഈ സെൽ പരിശോധിക്കും. അതിന് ഫീസീടാക്കില്ല. കഴിഞ്ഞ 10വർഷം ഹാജരാക്കിയിട്ടുള്ള അന്യസംസ്ഥാന വാഴ്സിറ്റികളുടെ എല്ലാ സർട്ടിഫിക്കറ്റുകളും ഘട്ടംഘട്ടമായി സെൽ പരിശോധിക്കും. ഓൺലൈൻ വെരിഫിക്കേഷനുള്ള പോർട്ടൽ ഉടൻ സജ്ജമാവും.
എം.എസ്.എം കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് ഹാജരാക്കി എം.കോം പ്രവേശനം നേടിയതിനെത്തുടർന്നാണ് പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |