ന്യൂഡൽഹി: ഇത്രയും കാലം അഭിമാനത്തോടെ രാജ്യം നെഞ്ചേറ്റിയ ഇന്ത്യ എന്ന പേര് ഉപേക്ഷിക്കാനും, ഭാരതമെന്ന പൗരാണിക പേര് സ്വീകരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചെന്ന അഭ്യൂഹം ശക്തം.
ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രണ്ടു പേരുകളും പരാമർശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്.ഇതിൽ ഭേദഗതി വരുത്തി ഭാരതമെന്ന ഒറ്റപ്പേരിലേക്ക് മാറാനാണ് നീക്കം. ഈ മാസം 18 മുതൽ അഞ്ചു ദിവസത്തേക്ക് പാർലമെന്റ് സമ്മേളനം വിളിച്ചത് ഇതിനു വേണ്ടിയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ ഈ മാസം ഒൻപതിന് അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പേരിൽ രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ കത്തുകളിൽ 'പ്രസിഡന്റ് ഒഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് നൽകുന്ന സംക്ഷിപ്ത രേഖയുടെ ആമുഖത്തിലും ‘ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന തലക്കെട്ടുണ്ട്. ജി -20 ഉച്ചകോടി വേദിയുടെ പേര് ഭാരത് മണ്ഡപമെന്നാണ്.
കോൺഗ്രസ് അടക്കം രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച
മുന്നണിക്ക് ഇന്ത്യ എന്ന പേരു നൽകിയതോടെ, അടിയന്തരമായി പേരു മാറ്റം നടപ്പിലാക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചുവെന്നാണ് സൂചന. സംഘപരിവാർ വളരെക്കാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കാലത്തെ അവശേഷിപ്പുകൾ തുടച്ചുനീക്കുമെന്നത് നരേന്ദ്രമോദി സർക്കാരിന്റെ പ്രഖ്യാപിത നയവുമാണ്.
ഭരണഘടനാ ഭേദഗതി അനിവാര്യം
1. ഭരണഘടനയുടെ ആർട്ടിക്കിൾ-ഒന്നിൽ പറയുന്നത് 'ഭാരതം എന്നറിയപ്പെടുന്ന ഇന്ത്യ എന്നാണ്.. രാജ്യാന്തരതലത്തിൽ ഒരു പേരിനേ അംഗീകാരം ലഭിക്കൂ
2. ആർട്ടിക്കിൾ ഒന്ന് ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ശേഷം രാഷ്‌ട്രപതി അംഗീകരിച്ചാൽ പേരു മാറ്റം പ്രാബല്യത്തിലാവും
3. പഴയ പേര് പരാമർശിക്കുന്നതിടത്തെല്ലാം പുതിയ പേര് ചേർത്ത് പുതിയ ഭരണഘടനാ പകർപ്പുകൾ ഇറക്കേണ്ടി വരും. പാസ്‌പോർട്ടടക്കം അന്താരാഷ്‌ട്ര തലത്തിൽ പേര് പരാമർശിക്കേണ്ട രേഖകളിലെല്ലാം പുതിയ പേര് വരുത്തണം.
'പ്രസിഡന്റ് ഒഫ് ഇന്ത്യ എന്നത് കത്തിലൂടെ തിരുത്താനാകില്ല. പ്രസിഡന്റ് ഒഫ് ഭാരത് എന്ന പദവി നിലവിലില്ല.'
- പി.ഡി.ടി ആചാരി, ഭരണഘടനാ വിദഗ്‌ദ്ധൻ
`ഇംഗ്ളീഷുകാരാണ് ഇന്ത്യയെന്നു വിളിച്ചത്. സംസാരത്തിലും എഴുത്തിലും ഭാരതമെന്ന പേര് തിരിച്ചു കൊണ്ടുവരണം.'
- മോഹൻ ഭാഗവത്ത്, ആർ.എസ്.എസ് മേധാവി
`കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ യാത്രയ്‌ക്ക് 'ഭാരത് ജോഡോ' എന്ന് പേരിട്ടില്ലേ. 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം വിളിക്കുന്നില്ലേ'
- ജെ.പി. നദ്ദ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ
'ഭാരത് എന്ന് വിളിക്കുന്നതിൽ ഭരണഘടനാപരമായി എതിർപ്പില്ല. എന്നാൽ ബ്രാൻഡ് മൂല്യമുള്ള 'ഇന്ത്യ'യെ പൂർണ്ണമായും ഉപേക്ഷിച്ച് സർക്കാർ വിഡ്ഢിത്തം കാണിക്കുമെന്ന് കരുതുന്നില്ല".
- ശശി തരൂർ, കോൺഗ്രസ് എംപി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |