മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാൾ. മലയാളവും, തെന്നിന്ത്യൻ ഭാഷകളുമൊക്കെ കടന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലാണ് ഈ അഭിനയ സാമ്രാട്ടിന്റെ സ്ഥാനം. മമ്മൂട്ടിയുടെ ലക്ഷക്കണക്കിനോളം വരുന്ന ആരാധകർ വിവിധ പരിപാടികളിലൂടെ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം കെങ്കേമമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കാൽലക്ഷം രക്തദാനമാണ് ഇതിന് മുന്നോടിയായി ഫാൻസ് അസോസിയേഷൻ നടത്തിയത്.
കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സാക്ഷാൽ മോഹൻലാലിനും ഫാൻസ് അസോസിയേഷൻ ആരംഭിച്ചത് മമ്മൂട്ടിയാണെന്ന കൗതുകം.
ഫാൻസ് അസോസിയേഷൻ എന്ന സമ്പ്രദായത്തിനോട് ഒരുകാലത്ത് മോഹൻലാലിന് താൽപര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്ന പലരും അന്നത്തെ കാലത്ത് ലാലിനെ പോയി കണ്ട് സംഘടന തുടങ്ങുന്നതിനു വേണ്ടി അനുവാദം ചോദിച്ചിരുന്നു. എന്നാൽ പുള്ളി അതൊക്കെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഈ ആവശ്യവുമായി കാണാൻ വരുന്ന ചെറുപ്പക്കാരോടെല്ലാം പഠിത്തത്തിൽ ശ്രദ്ധിക്കാനായിരുന്നു മോഹൻലാലിന്റെ ഉപദേശം.
ഹരികൃഷ്‌ണൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ തുടങ്ങുന്ന സമയം. ആ സമയത്ത് ലാലിന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 108 ഉണ്ണിയപ്പം വഴിപാട് നേർന്നിരുന്നു. പ്രസാദം വീട്ടിൽ കൊണ്ടു വച്ചിട്ടുമുണ്ട്. ആ സമയത്താണ് വിമൽകുമാർ (പിൽക്കാലത്ത്മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായി മാറി) വീട്ടിലെത്തുന്നത്. വിമലും സുഹൃത്തും ഉണ്ണിയപ്പവുമായിട്ട് ബസിൽ ഊട്ടിയിലേക്ക് തിരിച്ചു.
ലാലിന് ഉണ്ണിയപ്പം കൈമാറിയ ശേഷം മമ്മൂട്ടിയെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി ഇരുവരും റൂമിനടുത്തേക്ക് ചെന്നു. മേയ്‌ക്കപ്പ് മാൻ ജോർജ് കാണാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ശബ്‌ദം കേട്ട് മമ്മൂട്ടി പുറത്തേക്ക് വന്നു. ഒരു ലുങ്കിയൊക്കെ ഉടുത്താണ് വരവ്. കാര്യമൊക്കെ ചോദിച്ചറിയുന്നതിനടിയിൽ ഫാൻസ് അസോസിയേഷൻ രൂപീകരിക്കാൻ ലാൽ സാർ സമ്മതിക്കുന്നില്ല എന്നകാര്യം വിമലും സുഹൃത്തും മമ്മൂട്ടിയെ അറിയിച്ചു. അന്ന് മമ്മൂട്ടിയ‌്ക്ക് ഫാൻസ് അസോസിയേഷനുണ്ട്.
'ഇതൊരു നല്ല കാര്യമല്ലേ, ഞാൻ ലാലിനോട് സംസാരിക്കാം', എന്നായി മമ്മൂട്ടി. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാൽ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങൾ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി അവരോട് പറഞ്ഞു. പറഞ്ഞ ദിവസം തന്നെ ഇരുവരും സെറ്റിലെത്തി മമ്മൂട്ടിയെ കണ്ടു. അങ്ങനെ ലാലിനെ മമ്മൂട്ടി തന്നെ വിളിച്ച് മുറിയിൽ കൊണ്ടുപോയി അരമണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് വിമലിനെ വിളിപ്പിച്ചു.
എന്നിട്ട് മോഹൻലാലിനെ നോക്കി ഇങ്ങനെ പറഞ്ഞു, 'ഇത് വിമൽ. ഇവനാണ് ഇനിമുതൽ നിന്റെ ഫാൻസ് അസോസിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണം. പിന്നീട് മോഹൻലാൽ ഫാൻസ് അസോസിയേഷൻ തിരുവനന്തപുരത്ത് വന്ന് ഉദ്‌ഘാടനം ചെയ്‌തതും മമ്മൂട്ടി ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |