റെക്കാഡുകൾ കീഴടക്കി മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് മോഹൻലാൽ ചിത്രം 'തുടരും'. ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ചുകഴിഞ്ഞു. 'തുടരും' സിനിമയിൽ പ്രേക്ഷകർക്കൊരു സർപ്രെെസ് ആയിരുന്നു നടൻ അർജുൻ അശോകന്റെ കഥാപാത്രം. മിനിറ്റുകൾ മാത്രം ദെെർഘ്യമുള്ള കാമിയോ റോളായിരുന്നു സിനിമയിൽ അർജുൻ അശോകന്റേത്. ഇപ്പോഴിതാ ഈ സിനിമയിൽ അഭിനയിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് താരം. ലാലേട്ടന്റെ ഒപ്പം അഭിനയിക്കാനുള്ള കൊതി കൊണ്ടാണ് ഈ വേഷം ചെയ്തതെന്നാണ് അർജുൻ പറയുന്നത്.
'സിനിമയിലേക്ക് വിളിച്ചപ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ ഡയലോഗേ ഉണ്ടാകൂയെന്ന് നേരത്തെ പറഞ്ഞിരുന്നു. ഒരു ഷോട്ടൊക്കയേ ഉണ്ടാകൂ പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഒരു പ്രശ്നവുമില്ല, ലാലേട്ടന്റെ കൂടെയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. ഞാനിതുവരെയും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടില്ല. അപ്പോൾ ഒരു കൊതി. പിന്നെയൊന്നും നോക്കാൻ പോയില്ല. അടിപൊളി അനുഭവം ആയിരുന്നു. ഞാൻ ആരുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന് നോക്കൂ. ഇതുവരെ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിട്ടില്ല. ഒരു ചാൻസ് കിട്ടിയപ്പോൾ അത് മിസ് ചെയ്യേണ്ടയെന്ന് വിചാരിച്ചു. അത്രയുള്ളൂ',- അർജുൻ അശോകൻ വ്യക്തമാക്കി.
മോഹൻലാലിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അർജുൻ പറഞ്ഞു. അർജുന്റെ പ്രതികരണ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |