കൊച്ചി:150 കോടി കളക്ഷൻ കടന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് ഭീഷണിയായി വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. തൃശൂർ- ഷൊർണൂർ റൂട്ടിൽ ഓടുന്ന ബസിലിരുന്ന് ഒരു യാത്രക്കാരൻ ഫോണിൽ തുടരും സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അതിനിടെ തുടരും സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മലപ്പുറത്തുനിന്നുള്ള സംഘത്തിന്റെ വാഗമൺ യാത്രക്കിടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. നടൻ ബിനു പപ്പുവിന്റെ എഫ്‌ബി പേജിലേയ്ക്ക് ഒരു വിദ്യാർത്ഥി ഇതിന്റെ ദൃശ്യങ്ങൾ അയച്ചുനൽകിയതോടെയാണ് വിവരം പുറത്തുവന്നത്. ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിൽ പൊലീസിൽ പരാതി നൽകാനാണ് നിർമാതാക്കളുടെ തീരുമാനം.
ഏപ്രിൽ 25നാണ് തുടരും തിയേറ്ററുകളിലെത്തിയത്. പുറത്തിറങ്ങി ആറാം ദിവസം തന്നെ ചിത്രം നൂറുകോടി ക്ളബ്ബിലെത്തിയിരുന്നു. മോഹൻലാലും ശോഭനയും 20 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, ആർഷ ചാന്ദ്‌നി, ബൈജു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഷാജികുമാർ, ശബ്ദലേഖനം വിഷ്ണു ഗോവിന്ദ്, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |