തിരുവനന്തപുരം: 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20ന് ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരിമല കയറും. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കൽ.
ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
ഒരിടത്ത് ഒതുങ്ങാൻ താത്‌പര്യമില്ലാത്തതിനാൽ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. ചെറുപ്പക്കാർക്കിടയിലാണ് പ്രവർത്തനം. ജീവിതത്തിൽ ആത്മീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവരെ പഠിപ്പിക്കുകയാണ് ലക്ഷ്യം. പൗരോഹിത്യമോ, മതമോ ഉപേക്ഷിച്ചുള്ള യാത്രയല്ല ഫാദർ മനോജിന്റേത്. ബംഗളൂരുവിൽ സ്ഥിര താമസക്കാരനായ ഫാ. മനോജ് 27 വർഷമായി സോഫ്‌ട്‌വെയർ എൻജിനിയറാണ്. ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആൻ ഐറിൻ ജോസ്‌ലെറ്റാണ് മകൾ.
അയ്യപ്പനിലേക്ക് അടുപ്പിച്ചത് തത്വമസി
'തത്വമസി" ദർശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്. ദൈവം ഒന്നാണ്. ദൈവത്തെ മതങ്ങൾ വ്യത്യസ്ത ഭാവത്തിൽ കാണുന്നു എന്ന് മാത്രം. എല്ലാ മതവും പറയുന്നത് ഒന്നാണ്. ദൈവത്തെ മതത്തിന്റെ വേലിക്കെട്ടിൽ തളയ്ക്കാനാകില്ല. ഇത് എല്ലാവരും തിരിച്ചറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ലോകത്തുള്ളു. ഈ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവും ശബരിമല തീർത്ഥാടനത്തിനുണ്ടെന്ന് ഫാ. മനോജ് പറഞ്ഞു.
'മറ്റുള്ള മതങ്ങളെ അറിയാൻ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ല. മനുഷ്യ നന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത് ".
- ഫാ. മനോജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |