മാള: വിദ്യാലയങ്ങളിലും വീട്ടിലും പോകാതെ കറങ്ങി നടക്കുന്നവർ ജാഗ്രത പാലിക്കുക, നിങ്ങളുടെ കാര്യത്തിൽ ജാഗ്രതയുമായി പിങ്ക് നിരീക്ഷണമുണ്ടാകും. ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പൊതു ഇടങ്ങളിലാണ് പിങ്ക് പൊലീസ് നിരീക്ഷണം നടത്തുന്നത്.
മാള ബസ് സ്റ്റാൻഡിൽ ഇന്നലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മൊബൈലിൽ നോക്കിയിരുന്ന രണ്ട് വിദ്യാർത്ഥികളെ പിങ്ക് പൊലീസ് പിടികൂടിയിരുന്നു. രാവിലെ പത്തരയോടെ ബസ് സ്റ്റാൻഡിലെത്തിയ പിങ്ക് പൊലീസ് സംഘമാണ് ഇരുവരേയും പൊക്കിയത്. പിന്നീട് സ്‌കൂളിലേക്ക് ബസിൽ കയറ്റി വിട്ടാണ് പിങ്ക് പൊലീസ് സേന അംഗങ്ങൾ തിരിച്ചുപോയത്. ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകിയാണ് ഇരുവരേയും ബസിൽ കയറ്റി വിട്ടത്. വയറുവേദന കാരണം സ്‌കൂളിൽ പോയില്ലെന്നും അതിന് കൂട്ടുകാരൻ ഒപ്പം പോകുന്നതാണെന്നുമാണ് ഇവർ പൊലീസുകാരോട് പറഞ്ഞത്. ഇത്തരത്തിൽ സ്‌കൂൾ സമയം കഴിഞ്ഞും നേരത്തേയും വൈകീട്ടും കറങ്ങി നടക്കുന്നവർ പിങ്ക് പൊലീസിന്റെ നിരീക്ഷണത്തിലാണ്.
പിടികൂടുന്നവരെ ഉപദേശിക്കുക മാത്രമല്ല രക്ഷിതാക്കളേയും സ്‌കൂൾ അധികൃതരേയും അറിയിക്കുകയാണ് അടുത്ത നടപടികൾ. മാള ബസ് സ്റ്റാൻഡിൽ സ്‌കൂൾ വിട്ട ശേഷം വൈകുന്നത് വരേയും രാവിലെ നേരത്തേയും യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ ഒത്തുചേരുന്നത് പിങ്ക് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഇത്തരത്തിൽ ബസ് സ്റ്റാൻഡുകൾ അടക്കമുള്ള സ്ഥലങ്ങളിൽ കറങ്ങി നടക്കുന്നതായി പിങ്ക് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ചാലക്കുടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇവർ നടത്തിയ പ്രവർത്തനത്തിലൂടെ ഇത്തരക്കാരെ ഒരുപരിധിവരെ ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചാലക്കുടി സ്റ്റാൻഡിൽ മാത്രമല്ല മുകൾ ഭാഗത്തും ഇത്തരക്കാർ താവളമാക്കിയിരുന്നു. ഓരോ സ്ഥലത്തും ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ അനുസരിച്ചുള്ള നിരീക്ഷണങ്ങളും പിങ്ക് പൊലീസ് നടത്തുന്നുണ്ട്. പൂവാലശല്യം ഒഴിവാക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നവരുണ്ട്. ഒരേസമയം മൂന്ന് പേരുള്ള സംഘമാണ് പട്രോളിംഗ് നടത്തുന്നത്. വഴി തെറ്റാൻ സാധ്യതയുള്ളവരെ ആദ്യം ഉപദേശിച്ച ശേഷമാണ് നടപടിയിലേക്ക് കടക്കുന്നത്. സംശയാസ്പദമായ രീതിയിൽ കാണുന്നവരെ കുറിച്ചുള്ള വിവരങ്ങൾ 1515 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
......................................
കറങ്ങിയുള്ള പഠനം വേണ്ട
വിവരങ്ങൾ 1515 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം
പരാതികൾ അനുസരിച്ചുള്ള നിരീക്ഷണങ്ങളും പിങ്ക് പൊലീസ് നടത്തും
പൂവാലശല്യം ഒഴിവാക്കാനും സഹായകരം
ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പൊതു ഇടങ്ങളിലാണ് നിരീക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |