കൊല്ലം: നോട്ട് കെട്ട് കിട്ടിയിട്ടും അതെടുക്കാതെ ചില്ലറത്തുട്ടുകൾ മോഷ്ടിക്കുന്ന വ്യത്യസ്തനായ മോഷ്ടാവ് കൊല്ലം നഗരത്തിൽ. ചാമക്കട റോഡിലെ നാല് കടകളുടെ പൂട്ട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവ് രണ്ട് കടകളിൽ നിന്നും ചില്ലറ നാണയങ്ങൾ മാത്രം എടുത്തത്. പൂട്ട് പൊളിച്ച് അകട്ട് കടന്ന ചാമക്കട റോഡിലെ ഒരു കടയിൽ 46000 രൂപയുടെ നോട്ടുകെട്ട് ഉണ്ടായിരുന്നു. ഇത് മോഷ്ടാവിന്റെ കൈയിൽ ലഭിച്ചത് കടയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നോട്ടുകെട്ട് മേശയിൽ തന്നെ വച്ച ശേഷം ചില്ലറ നാണയങ്ങളിൽ കുറച്ച് മാത്രം എടുത്ത് മടങ്ങുകയായിരുന്നു. പൂട്ട് തകർത്ത് മറ്റൊരു കടയുടെ ഉൾഭാഗമാകെ പരതിയെങ്കിലും മറ്റൊന്നുമെടുക്കാതെ ചില്ലറ നാണയങ്ങൾ മാത്രം എടുക്കുകയായിരുന്നു. മറ്റ് രണ്ട് കടകളുടെ പൂട്ട് പൊളിച്ചെങ്കിലും പണം നഷ്ടമായിട്ടില്ല.
മനോനില തെറ്റിയ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നതായും നഗരത്തിലെ ഒരു എ.ടി.എം യന്ത്രം തകരാറാക്കിയ സംഭവത്തിൽ ഈ യുവാവിനെ നേരത്തെ തെരഞ്ഞുവരികയാണെന്നും കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |