കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കാനായി മൾട്ടി ലെവൽ കാർ പാർക്കിംഗ് കോംപ്ലക്സ് നിർമ്മാണ ഒരുക്കങ്ങൾ തുടങ്ങി. പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്.
ചിന്നക്കട റെയിൽവേ ഓവർ ബ്രിഡ്ജിനോട് ചേർന്നുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ഭാഗത്താണ് ഭൂമി നിരപ്പാക്കി കെട്ടിട നിർമ്മാണത്തിനുള്ള പൈലിംഗ് ജോലികൾ നടക്കുന്നത്. 244 കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയും വിധമാണ് മൾട്ടി ലെവൽ കാർ പാർക്കിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോർ കൂടാതെ നാല് നിലകളുള്ളതാണ് കോംപ്ളക്സ്.
27,500 സ്ക്വയർ ഫീറ്റ് വരുന്ന സർവീസ് ബിൽഡിംഗിന്റെ നിർമ്മാണവും വേഗത്തിൽ പുരോഗമിക്കുന്നു. രണ്ടാം ടെർമിനലിന്റെ പ്രവേശന കവാടത്തിൽ ആഴത്തിൽ മണ്ണ് നീക്കി ഫൗണ്ടേഷൻ കോൺക്രീറ്റ് ചെയ്ത് ഉയർത്തുകയായിരുന്നു. ബലക്കുറവ് കാരണമാണ് ആഴത്തിൽ മണ്ണു നീക്കി ഫൗണ്ടേഷൻ ഉറപ്പിച്ചത്. സർവീസ് ബിൽഡിംഗിന് മൂന്നു നിലകൾ ഉണ്ടാവും. നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. ഗാംഗ് റസ്റ്റ് റൂമിന്റെ നിർമ്മാണം തീരാറായി. സബ്സ്റ്റേഷൻ, എസ്.എസ്.സി ബിൽഡിംഗ് നിർമ്മാണ ജോലികളും ഉടൻ ആരംഭിക്കും. 2026 ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
361 കോടി ചെലവിലാണ് സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായാണ് നിർമ്മാണം. പൊതുമേഖല സ്ഥാപനമായ റെയിൽവേ ഇൻഫ്രാസ്ട്രക്ചറൽ ടെക്‌നിക്കൽ എൻജിനിയറിംഗ് സർവീസും സിദ്ധാർത്ഥ് സിവിൽ വർക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് നിർമ്മാണ കരാറുകാർ.
എയർ കോൺകോഴ്സ്
135 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലും രണ്ട് ടെർമിനലുകളെയും ബന്ധിപ്പിക്കുന്ന എയർ കോൺകോഴ്സാണ് റെയിൽവേ സ്റ്റേഷനിലെ ആകർഷണീയ നിർമ്മാണം. 4417 ചതുരശ്ര മീറ്ററാണ് വിസ്തീർണം. ഇവിടെ വിപുലമായ വാണിജ്യ സമുച്ചയവും ഉണ്ടാകും. പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന എയർ കോൺകോഴ്സ് കൂടാതെ 12 മീറ്റർ വീതിയിൽ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജും നിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |