തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനമില്ലാത്ത കെ.എസ്.ആർ.ടി.സിയുടെ സി.എം.ഡിയും ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ബിജു പ്രഭാകർ അവധിയിൽ പ്രവേശിക്കുന്നു. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് 18 മുതൽ ഒരു മാസത്തേക്ക് ലീവെങ്കിലും ലീവ് നീട്ടാനുള്ള സാദ്ധ്യതയുണ്ട്. ബിജുവിന്റെ അഭാവത്തിൽ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിനാണ് എം.ഡിയുടെ ചുമതല.
സി.എം.ഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ സർക്കാരിനെ സമീപിക്കുമെന്ന ശ്രുതി ശക്തമാണ്.
കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനും വരുമാന വർദ്ധനവിനുമായി പ്രഖ്യാപിച്ച പദ്ധതികളിൽ നിന്നും സർക്കാർ പിന്നാക്കം പോവുകയും, വാക്ക് പറഞ്ഞ ധനസഹായം പോലും നിഷേധിക്കുകയും ചെയ്തതോടെ, സി.എം.ഡി സ്ഥാനം ഒഴിയാൻ കഴിഞ്ഞ ജൂലായിൽ ബിജു പ്രഭാകർ താത്പര്യം പ്രകടിപ്പിച്ചതാണ്. ആഗസ്റ്റിലെ ശമ്പളം വിതരണം ചെയ്തിട്ടില്ല. സർക്കാരിനോട് കഴിഞ്ഞ മാസം 80 കോടി ധനസഹായം ആവശ്യപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല. പുതിയ ബസുകൾ വാങ്ങുന്നതിന് സർക്കാർ വാഗ്ദാനം ചെയ്ത 75 കോടിയും ,കിഫ്ബി നൽകുമെന്ന് പറഞ്ഞ 814 കോടിയുടെ വായ്പയും കിട്ടാതായതോടെ അശോക് ലൈലാൻഡ് കമ്പനിയുമായുള്ള ടെൻഡർ ഉപേക്ഷിക്കേണ്ടി വന്നു.പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആർ.ടി.സിയിലെ സ്ഥിതിഗതികളെപ്പറ്റി ഫേസ്ബുക്കിൽ ബിജു പ്രഭാകർ 'വിശദീകരണ പരമ്പര' നടത്തിയിരുന്നു.
സർക്കാർ
കൈ കഴുകി
#പ്രവർത്തന മൂലധനമായി 250 കോടി രൂപ ആവശ്യപ്പെട്ടു. നൽകിയില്ല
# കോർപ്പറേഷനെ നാലായി വിഭജിക്കുതിന് നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ചോദിച്ചു . നൽകിയില്ല
ട്രാൻ. ശമ്പളം നൽകിയില്ല:
ടി.ഡി.എഫ് കോടതിയിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും ആഗസ്റ്റ് മാസത്തെ ശമ്പളം നൽകാത്ത സാഹചര്യത്തിൽ മാനേജ്മെന്റിനെതിരേ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്ന് ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ്,എം.എൽ.എ അറിയിച്ചു. ഓണക്കാലത്ത് പോലും ലീവുകൾ വേണ്ടെന്ന് വച്ച് ജീവനക്കാർ കഠിനാധ്വാനം ചെയ്ത് 235 കോടിയാണ് വരുമാനം ഉണ്ടാക്കിയത് എന്നിട്ടും അവർക്ക് ശമ്പളം നൽകാത്തത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |