രാജാക്കാട് : രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അറിയിച്ചു. ആദ്യ പോസ്റ്റ്മോർട്ടത്തിലെ വീഴ്ചകൾ ഗുരുതരമാണ്. അതിന്റെ റിപ്പോർട്ട് കേസിന് തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന് ജസ്റ്റിസ് കുറുപ്പ് നെടുങ്കണ്ടത്ത് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
മൃതദേഹത്തിൽ കാണപ്പെട്ട പരിക്കുകളുടെ പഴക്കം പറയാത്തതും ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാത്തതും അടക്കം പോസ്റ്റമോർട്ടത്തിലെ വീഴ്ചകൾ പരിഗണിച്ചാണ് ജുഡിഷ്യൽ കമ്മിഷന്റെ നീക്കം. ചതവുകളും തൊലിപ്പുറത്തെ പോറലുകളും അടക്കം ആകെ 22 പരിക്കുകളാണ് രാജ്കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നതെന്ന് ഈ പോസ്റ്റമോർട്ടം റിപ്പോർട്ട് അക്കമിട്ട് പറയുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പിഴവുകൾ ഇങ്ങനെ:
1,പരിക്കുകളിൽ ഒന്നിന്റെ പോലും പഴക്കം പറയുന്നില്ല. സൂചനകൾ പോലുമില്ല. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും കസ്റ്റയിൽനിന്ന് നാലാം ദിവസം ജയിലിൽ അയച്ചതും അഞ്ചാം ദിവസം മൃതദേഹമാണ് പോസ്റ്റമോർട്ടം ടേബിളിൽ എത്തിച്ചത്. അതുകൊണ്ട് തന്നെ പരിക്കുകളുടെ ഓരോന്നിന്റെയും പഴക്കം സുപ്രധാനമാണ്. അല്ലാത്തപക്ഷം മരണത്തിന് 24 മണിക്കൂറിനുള്ളിലാണ് പരിക്കെല്ലാം പറ്റിയത് എന്നാണ് നിയമപ്രകാരം അനുമാനിക്കേണ്ടത്. അങ്ങനെ വന്നാൽ അവസാന അഞ്ചുദിവസം രാജ്കുമാറിനെ പാർപ്പിച്ച പീരുമേട് ജയിലിലെ ഉദ്യോഗസ്ഥരാകും പ്രതിക്കൂട്ടിലാകുക.
2, ന്യുമോണിയ മരണകാരണമായെന്ന് പറയുന്ന റിപ്പോർട്ടിൽ പക്ഷേ ഒപ്പം തന്നെ ശരീരത്തിൽ കടുത്ത മർദനം ഏറ്റിട്ടുണ്ടെന്നും കൃത്യമായി പറയുന്നു. അപ്പോൾ ഇവ തമ്മിലെ ബന്ധം മരണ കാരണമാകുമെന്ന് സംശയാതീതമായി തെളിയിക്കാൻ ന്യൂമോണിയയുടെ തോത് അറിയണം. ഇതിന് ശ്വാസകോശത്തിന്റെ സാമ്പിൾ പരിശോധന ആവശ്യമായിരുന്നു, അതുണ്ടായില്ല.
3, വൃക്കകൾക്ക് വീക്കമുണ്ടായി അസാധാരണ വലിപ്പത്തിലാണ് കാണപ്പെട്ടത് എന്ന് പോസ്റ്റമോർട്ടം റിപ്പോട്ടിൽ പറയുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിൽ കുടിവെള്ളം പോലും നൽകാതെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിന്റ സുപ്രധാന തെളിവായി മാറിയേനെയെന്ന് ജസ്റ്റിസ് കുറുപ്പ് പറഞ്ഞു.
4,കസ്റ്റഡിമരണക്കേസുകളിൽ പോസ്റ്റുമോർട്ടത്തിന് ഡോക്ടർമാരുടെ സംഘം വേണമെന്നിരിക്കെ ഇവിടെ അതും പ്രഹസനമാക്കി. അസിസ്റ്റന്റ് പൊലീസ് സർജൻ ബി.കെ. ജയിംസുകുട്ടിക്കൊപ്പം ഉണ്ടായിരുന്നത് ഫോറൻസിക്കിലെ ഒരു പി.ജി വിദ്യാർത്ഥി മാത്രമായിരുന്നു.
ഫോറൻസിക് സർജൻ
നൽകിയ റിപ്പോർട്ട്
തിരിച്ചടിക്കാം
പരിക്കുകളുടെ പഴക്കം നിർണയിക്കാത്തത് അടക്കം റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിച്ച് ഫോറൻസിക് സർജൻ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട് . എന്നാൽ രേഖാമൂലമുള്ള ഈ റിപ്പോർട്ട് ഇരുതല മൂർച്ചയുള്ള വാളാണ്. പ്രത്യേകിച്ച് പ്രതിയെ മർദിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരുടെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ. പ്രധാനമായും പോസ്റ്റുമോർട്ടം പിഴവുകളുടെ പേരിലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത് എന്നുകൂടി ഒാർക്കണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |