1991ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമാണ് ധർമ്മദുരൈ. രാജശേഖർ സംവിധാനം ചെയ‌്ത ചിത്രത്തിലെ നായിക ഗൗതമിയായിരുന്നു. 1989ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ദേവയുടെ തമിഴ് റീമേക്ക് ആയിരുന്നു ധർമ്മദുരൈ. ചിത്രത്തിൽ രജനിയുടെ അച്ഛനായി എത്തിയത് മലയാളത്തിന്റെ മഹാനടൻ മധുവായിരുന്നു. അക്കാലത്തും സൂപ്പർ സ്‌റ്റാറായിരുന്ന രജനിയെ മധു തല്ലുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു. രജനിയുടെ ആരാധകർ ഇത് അംഗീകരിച്ചതുതന്നെ മധുവാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നതുകൊണ്ട് മാത്രമായിരുന്നു.
യഥാർത്ഥത്തിൽ ശിവാജി ഗണേശനിലേക്കാണ് പാണ്ഡിദുരൈ തേവർ എന്ന കഥാപാത്രം ആദ്യം എത്തിയത്. എന്നാൽ മധു ചെയ്യട്ടെ എന്ന് ശിവാജി തന്നെ നിർദേശിക്കുകയായിരുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
മധുവിന്റെ വാക്കുകൾ ഇങ്ങനെ-
''ഞാൻ തന്നെ ചെയ്യണമെന്ന പ്രത്യേക ആവശ്യവുമായി അവർ വന്നതുകൊണ്ടാണ് ധർമ്മദുരൈ ചെയ‌്തത്. ആ റോൾ ശിവാജി ഗണേശൻ ചെയ്യേണ്ടതായിരുന്നു. അദ്ദേഹത്തിന് സുഖമില്ലാതെ മദ്രാസിൽ പോകേണ്ടി വന്നു. ഇനി പറയുന്നത് അവർ പറഞ്ഞതാണ്, ഞാൻ പറഞ്ഞതല്ല. ശിവാജി ഗണേശൻ രജനികാന്തിന് തല്ല് കൊടുത്താൽ ഫാൻസ് സഹിച്ചുവെന്ന് വരും. പക്ഷേ വേറൊരു ആർട്ടിസ്‌റ്റ് ചെയ‌്താൽ ശരിയാവില്ല. ശിവാജി ഗണേശനാണ് മധുവിന് വിളിച്ച് കൊടുത്താൽ മതിയെന്ന് പറഞ്ഞത്. രജനിയെ തല്ലുന്നതിന് വേണ്ടിയാണ് എന്നെ അതിൽ കൊണ്ടുവന്നത്''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |