കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖത്തിൽ ക്രമക്കേടെന്ന് ആരോപണം. പി.എസ്.സി ആസ്ഥാന മന്ദിരത്തിൽ ഏപ്രിൽ 24ന് നടന്ന കാറ്റഗറി നമ്പർ 238/2023ന്റെ അഭിമുഖത്തിലാണ് എ.ഐ.സി.ടി.ഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ) മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാത്തവർ ഇന്റർവ്യൂ ബോർഡിലും ഷോർട്ട് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നതായി ആരോപണമുയർന്നത്. എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബിടെക് യോഗ്യതയുള്ളവരെയാണ് ടെക്സ്റ്റൈൽ ടെക്നോളജി ലക്ചററായി പി.എസ്.സി നിയമിക്കുന്നത്. ഡിപ്ലോമ കോഴ്സുകൾ കഴിഞ്ഞവരേയോ, എ.എം.ഐ.ഇ ( അസോസിയേറ്റ് മെമ്പർ ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്) കഴിഞ്ഞവരെയോ ടീച്ചിംഗ് ഫാക്കൽറ്റിയായി എ.ഐ.സി.ടി.ഇ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് അഭിമുഖത്തിന് ടെക്നിക്കൽ എക്സ്പേർട്ടായി ഡിപ്ലോമ കോഴ്സ് മാത്രം കഴിഞ്ഞ ആളെ ഇന്റർവ്യൂ ചെയ്യാൻ പി.എസ്.സി കൊണ്ടുവന്നത്. എ.ഐ.സി.ടി.ഇ യോഗ്യതയുള്ളവരെ തഴഞ്ഞ് ഡിപ്ലോമ കോഴ്സുകൾ കഴിഞ്ഞവരെ വകുപ്പിൽ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. മാത്രമല്ല ടീച്ചിംഗ് യോഗ്യത അല്ലാത്ത ഡിപ്ലോമയും, എ.എം.ഐ.ഇ യോഗ്യത മാത്രമുള്ളവരെ പി.എസ്.സി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ ഇന്റർവ്യൂവിൽ പങ്കെടുത്തെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |