ചരിത്ര വിജയം നേടുന്ന 'തുടരും' കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർ തിയേറ്ററിനു മുന്നിൽ പ്രകാശ് വർമ്മയെ കണ്ടാൽ ഓടിച്ചിട്ട് അടിച്ചേക്കാം! എല്ലാ സിനിമയിലും വില്ലൻമാരുണ്ടെങ്കിലും ഇതേപൊലെ ചിരിച്ചുകൊണ്ട് കഴുത്തറുത്ത് പ്രേക്ഷകരുടെ 'കലിപ്പ്' സമ്പാദിച്ചൊരു വില്ലൻ അടുത്ത കാലത്തെങ്ങും മലയാള സിനിമയിലുണ്ടായിട്ടില്ല. 'പ്രകാശ് വർമ്മേ, താങ്കൾ ഇത്രനാളും എവിടെയായിരുന്നു' എന്നാണ് എല്ലാവരുടെയും ചോദ്യം. ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായി പ്രത്യക്ഷപ്പെട്ടശേഷം, ക്രൂരതയിലേക്ക് പരകായപ്രവേശനം നേടിയ സുന്ദര വില്ലൻ. ഇനിയൊരു കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്ന് യാതൊരു ഉറപ്പുമില്ലെങ്കിലും, ഒന്നുറപ്പിക്കാം സി.ഐ ജോർജ് സാറായെത്തിയ പ്രകാശ് വർമ്മയുടെ മുഖം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞു. അനശ്വര നടന്മാരായ എൻ.എഫ്.വർഗ്ഗീസും, മുരളിയുമൊക്കെ ഒഴിച്ചിട്ടുപോയ കസേരയിലേക്കാണ് ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രകാശ് വർമ്മ ഇടംപിടിക്കുന്നത്.
അറിയുന്ന ആൾ, അറിയാത്ത മുഖം
എത്രയോ വർഷങ്ങളായി പ്രകാശ് വർമ്മയുടെ സാന്നിദ്ധ്യം ഓരോ പ്രേക്ഷകർക്കിടയിലുമുണ്ട്. നമ്മുടെ സ്വീകരണ മുറിയിലെ ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പ്രശസ്തമായ പല പരസ്യചിത്രങ്ങളുടെയും അമരക്കാരനായി. എല്ലാത്തരം കാണികളെയും കൈയിലെടുത്ത വോഡാഫോൺ സുസു, ഹച്ച് തുടങ്ങി കൈനിറയെ പരസ്യങ്ങളുണ്ട് ബംഗളൂരു ആസ്ഥാനമായ പ്രശസ്ത പരസ്യ കമ്പനിയായ നിർവാണയുടെ ഉടമ പ്രകാശ് വർമ്മയുടെ അക്കൗണ്ടിൽ. മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിന് ഇതിവൃത്തമായത് പ്രകാശ് വർമ്മ ഗ്രീൻ പ്ലൈയ്ക്ക് വേണ്ടിയൊരുക്കിയ പരസ്യമായിരുന്നു. ഇന്നലെ വരെ പരസ്യകലയിലെ കഥപറച്ചിലുകാരൻ മാത്രമായിരുന്നെങ്കിൽ, ഇന്ന് പ്രകാശ് വർമ്മ കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി കഴിഞ്ഞു. വിന്റേജ് മോഹൻലാലിനെ മാത്രം കാത്തിരുന്ന പ്രേക്ഷകർക്കാണ് സംവിധായകൻ തരുൺമൂർത്തി എവർഗ്രീൻ ഹിറ്റായി മാറുന്ന ജോർജ് സാറിനെയും സമ്മാനിച്ചത്.
സിനിമാഭ്രാന്തിലേക്കൊരു യു ടേൺ
അച്ഛൻ ആലപ്പുഴ എസ്.ഡികോളജിലെ ഫിസിക്‌സ് പ്രൊഫസർ. അമ്മ മട്ടാഞ്ചേരി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ. എസ്.ഡി കോളേജിലെ ബിരുദ പഠനത്തിന് ശേഷം സിനിമാഭ്രാന്ത് കലശലായി. ഇതിനിടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ലഭിച്ചു. ശനിയും ഞായറും ലഭിക്കുന്ന അവധി അവസരങ്ങൾ സിനിമയിലേക്ക് അവസരങ്ങൾ തേടാനായി മാറ്റി വെച്ചു. മുട്ടാത്ത വാതിലുകളില്ല. ഭരതൻ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, ഫാസിൽ എന്നിങ്ങനെ നീളുന്നു കണ്ടും വിളിച്ചും ശല്യപ്പെടുത്തിയ സംവിധായകരുടെ നിര. ലോഹിതദാസിനും, വിജി തമ്പിക്കുമൊപ്പം സഹസംവിധായകനാകാൻ അവസരം ലഭിച്ചു. ഇതോടെ ജോലി രാജി വച്ചു. ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമ കിട്ടുന്നതുവരെ ഏഴെട്ടുമാസത്തെ ഇടവേളയാണ്. ഇത് പരിഹരിക്കാനാണ് പരസ്യമേഖലയിലേക്ക് തിരിഞ്ഞത്. വി.കെ.പ്രകാശിന്റെ സഹായിയായാണ് പരസ്യ നിർമ്മാണ രംഗത്തേക്ക് എത്തി. മണിക്കൂറുകൾ കൊണ്ട് പറഞ്ഞുതീർക്കേണ്ട കഥകളെ സെക്കൻഡുകൾക്കുള്ളിൽ വരച്ചുകാട്ടുന്ന പരസ്യ മാജിക്കെന്ന വെല്ലുവിളി പ്രകാശിന് ഹരമായി. പരസ്യമേഖലയിലെ അതികായനായുള്ള വളർച്ച പെട്ടെന്നായിരുന്നു. 2001ൽ ഭാര്യ സ്നേഹ ഐപ്പുമായി ചേർന്ന് 'നിർവാണ' എന്ന പരസ്യകമ്പനി ആരംഭിച്ചു. ട്രെൻഡ് അഡ്വർട്ടൈസിംഗിൽ ജോലി ചെയ്യുന്ന സമയത്താണ് സ്നേഹ ഐപ്പിനെ പ്രകാശ് കണ്ടുമുട്ടുന്നത്.
വാഗൺആർ, ടൈറ്റൻ, ഹ്യൂണ്ടായ് സാൻട്രോ, ഷവർലെ ഒപ്ട്രാ, ഫ്രൂട്ടി, ലീ ജീൻസ്, പോണ്ട്സ് എന്നിങ്ങനെ നീളുകയാണ് പ്രകാശ് കൈവെച്ച അന്താരാഷ്ട്ര പരസ്യനിര. ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗസ്റ്റ്', ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറി എന്നിങ്ങനെ പരസ്യ രംഗത്ത് പ്രകാശിന്റെ കയ്യൊപ്പുകൾ നിരവധി. കാഡ്ബറിക്കം, ജെംസിനും ഡയറിമിൽക്കിനും, ഇന്ത്യൻ റെയിൽവേയ്ക്കും ഐഫോണിനും, ഫെയ്സ്ബുക്കിനും വേണ്ടി പരസ്യചിത്രങ്ങൾ ഒരുക്കി. കേരള, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഇൻക്രഡിബിൾ ഇന്ത്യ ടൂറിസം പരസ്യങ്ങളുമെടുത്തൂ. ലോകത്തിലെ തന്നെ ഒന്നാംനിരയിലെ പത്ത് ആഡ് കമ്പനികളെടുത്താൽ അതിൽ ഒന്നാണ് നിർവാണ. സിനിമയിലെ ഇടവേള പരിഹരിക്കാനാണ് പ്രകാശ് വർമ്മ പരസ്യരംഗത്ത് എത്തിയത്. പിന്നീട് പരസ്യ മേഖലയിൽനിന്ന് ഇടവേളയെടുത്ത് സിനിമയിൽ എത്താൻ കഴിയാത്ത തിരക്കായി. ഇതിനിടെ ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ 'ഏഴ് സുന്ദര രാത്രികൾ' എന്ന ചിത്രത്തിന്റെ 'പെട്ടിടാം ആരും ആപത്തിൽ' എന്ന പ്രെമോ ഗാനം സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയായിരുന്നു. 25 വർഷങ്ങൾക്കിടെ പരസ്യമേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ശേഷമാണ് ഒരിക്കൽ അവസരം തേടി നടന്ന അഭിനയ മുഹൂർത്തത്തിലേക്ക് പുതുമുഖമായെത്തിയത്. ട്രെയിലറിൽ പോലും മുഖം കാണിക്കാതെ സർപ്രൈസായി നടന്നു കയറിയ സുന്ദരവില്ലൻ അഭിനയരംഗത്ത് തുടരണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |