തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ അന്തരീക്ഷമില്ല. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തും. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കരുത്. ആലുവയിൽ നടന്നത് ദൗഭാഗ്യകരമായ സംഭവമാണെന്നും അതിനി ആവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ കൈകളിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്:
'ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കൈയിൽ എന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി പറയുന്നതാണ്. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കൈയിലല്ല. ശരിയായ രീതിയിലാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്ന് അഭിമാനകരമായി പറയാൻ സാധിക്കും. ആരാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരൻ എന്ന ചോദ്യം എന്തുകൊണ്ടാണ് ഉണ്ടായത്.
കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം പരിശോധിച്ചാൽ സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് ചെയ്തുവരുന്നതെന്ന് മനസിലാക്കാൻ സാധിക്കും. ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്. അത് പർവതീകരിച്ച് കേരളത്തിൽ ആകെ ഉണ്ടാകുന്നത് എന്ന നില ഉണ്ടാക്കേണ്ടതില്ല. ആഭ്യന്തരവകുപ്പിനെ നയിക്കുന്നത് ഗൂഢസംഘം ആണെന്ന ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണ്. ഏത് ഗൂഢസംഘമാണ് നയിക്കുന്നത്. അവരവർക്കുള്ള രാഷ്‌ട്രീയ പ്രചാരണത്തിനായി നാടിനെയാകെ അപഹസിക്കാനും അഭിമാനകരമായ അന്തരീക്ഷം നിലനിൽക്കുന്നതിനെ താറടിച്ചുകാണിക്കാനുമുള്ള ബോധപൂർവമായ നീക്കമായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ.
സാമ്പത്തിക പ്രശ്നങ്ങളുണ്ട്, എന്നാൽ പെട്രോൾ അടിക്കാത്തതുകൊണ്ട് പട്രോളിംഗ് മുടങ്ങിയിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ രാജ്യത്തുതന്നെ മികച്ച റെക്കാഡ് ആണ് കേരളത്തിന്. ചില പ്രദേശങ്ങളിൽ ചില സംഭവങ്ങളുണ്ടാകുന്നു എന്നത് വസ്തുതയാണ്. ഇതിനെ മറികടക്കാനാകണം. അതിന് പൊതുപ്രസ്ഥാനങ്ങളുടെ ബോധപൂർവമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലർ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സഞ്ചരിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നത് തടയാൻ പൊലീസ് പ്രതിജ്ഞാബന്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും പൊലീസ് നടപടികളിൽ കൂടിയും സാമൂഹ്യവിരുദ്ധ സ്വഭാവമുള്ളവരെ അടിച്ചമർത്തും. ഉപജീവനത്തിനായി നാട്ടിലെത്തുന്ന അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സമഗ്രവും ഫലപ്രദവുമായ നടപടികളിലേയ്ക്ക് സർക്കാർ കടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |