നേരും നെറിയും ധർമ്മവും അധർമ്മവും കൂടിച്ചേർന്നൊരു സങ്കീർണ്ണാവസ്ഥയാണിന്നത്തെ രാഷ്ട്രീയരംഗം എന്ന് വിശേഷിപ്പിക്കാമെങ്കിലും പലപ്പോഴും അധാർമ്മികതയുടെയും നെറികേടിന്റെയും രാഷ്ട്രീയത്തിനാണ് മുൻതൂക്കം ലഭിക്കുന്നത്. കെ.ബി ഗണേശ്കുമാർ എം.എൽ.എ യ്‌ക്കെതിരെ യൂത്ത്‌കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ രണ്ട് ദിവസമായി നടത്തുന്ന പടപ്പുറപ്പാട് കാണുമ്പോൾ രാഷ്ട്രീയത്തിൽ ധാർമ്മികത വർദ്ധിത വീര്യത്തോടെ മടങ്ങിയെത്തിയോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേശ്കുമാർ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് യൂത്ത്‌കോൺഗ്രസ് നേതാക്കൾ ഗണേശിനെതിരെ വർദ്ധിത വീര്യത്തോടെ രംഗത്തെത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസിലെ തന്നെ ചില ഉന്നത നേതാക്കൾ ഗണേശിനെ യു.ഡി.എഫിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണിപ്പോൾ സി.ബി.ഐ യുടെ വെളിപ്പെടുത്തൽ വന്നതെന്നതാണ് ഏറെ രസകരം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഗണേശിനെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനായിരുന്നു ശ്രമം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, റിജിൽ മാക്കുറ്റി തുടങ്ങിയവരൊക്കെയാണിപ്പോൾ ഗണേശിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പത്തനാപുരത്ത് ഗണേശിന്റെ വസതിയിലേക്ക് കോൺഗ്രസ്, യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഒറ്റുകാരനായ ഗണേശിനെ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ് എ.ഒ ഹ്യൂം വന്ന് പറഞ്ഞാലും ഇനി കോൺഗ്രസിലോ യു.ഡി.എഫിലോ എടുക്കാൻ അനുവദിക്കില്ലെന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. തിങ്കളാഴ്ച നിയമസഭയിൽ ഇതുസംബന്ധിച്ച അടിയന്തര പ്രമേയം ഷാഫി പറമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഗണേശ് , തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും സോളാർ കേസിലെ പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞു. പിണറായി വിജയനെ പ്രശംസിച്ച ഗണേശൻ, ഇനി രാഷ്ട്രീയം മതിയാക്കിയാലും എൽ.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരില്ലെന്ന് തുറന്നടിച്ചതും ശ്രദ്ധേയമായി.
സി.ബി.ഐ യുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഗണേശിനെ സംബന്ധിച്ച് ഇരട്ട പ്രഹരമാണ് നൽകുന്നത്. നവംബറിൽ മന്ത്രിസഭാ പുനസംഘടനയുണ്ടാകുമ്പോൾ ഇടത് മന്ത്രിസഭയിൽ അംഗമായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിപ്പോൾ സി.ബി.ഐ യുടെ പ്രഹരം ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇടതുമന്ത്രിമാരെ പരസ്യമായി വിമർശിക്കുന്ന ഗണേശിനെതിരെ സി.പി.എമ്മിലും അമർഷം പുകയുന്നുണ്ടായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ചതാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം രണ്ടരവർഷം കഴിയുമ്പോൾ ആന്റണി രാജുവിന്റെ സ്ഥാനത്ത് ഗണേശിനെ നിയമിക്കേണ്ടതാണ്. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യടേമിൽ തന്നെ ഗണേശനെ മന്ത്രിയാക്കാൻ പിണറായി വിജയൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് പാരയായത് സ്വന്തം സഹോദരി തന്നെയായിരുന്നു. കുടുംബത്തിലെ സ്വത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു സഹോദരി ഉഷ ഉടക്കിട്ടത്. ഇനി രണ്ടാം ടേമിൽ മന്ത്രിയാകുന്ന സാഹചര്യം ഉണ്ടായാലും സ്വത്ത് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് ഉടക്കിടാൻ ഗണേശിന്റെ സഹോദരി ഉഷ കോപ്പുകൂട്ടുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അങ്ങനെ മന്ത്രിസ്ഥാനം ലഭിക്കാതെ വന്നാൽ അക്കാരണം പറഞ്ഞ് യു.ഡി.എഫിലെത്താനായിരുന്നു ഗണേശിന്റെ നീക്കമെന്നാണ് പറഞ്ഞുകേട്ടത്. സി.ബി.ഐ റിപ്പോർട്ട് വന്നത് ഇപ്പോഴാണെങ്കിലും സോളാർ കേസിൽ ഗണേശിന്റെ പങ്കിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ തന്നെ നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മന്ത്രിസ്ഥാനം ത്രിശങ്കുവിൽ
ഇനി ഗണേശിന് മന്ത്രി സ്ഥാനം നൽകിയാൽ അത് മന്ത്രിസഭയ്ക്കും ഇടതുമുന്നണിക്കും കടുത്ത ബാദ്ധ്യതയായി മാറിയേക്കുമോ എന്ന ആശങ്കയിലാണ് എൽ.ഡി.എഫ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ഇത് ശക്തമായ പ്രചരണായുധമാക്കുമെന്നുറപ്പാണ്. അതിനെ പ്രതിരോധിക്കാൻ ഇടതു മുന്നണിക്ക് നന്നേ ബുദ്ധിമുട്ടേണ്ടിയും വരും.
പത്തനാപുരത്ത് ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ജയിച്ച് എം.എൽ.എ ആകാമെന്ന അടിയുറച്ച ആത്മവിശ്വാസമാണ് ഗണേശിനെ നയിക്കുന്നത്. സിനിമാഭിനയത്തിനു പോയാലും പത്തനാപുരത്തെ ജനങ്ങളെ വിട്ട് ഒരുകളിയുമില്ലെന്നതാണ് മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സ്വീകാര്യതയേറ്റുന്നത്. കൂടാതെ എൻ.എസ്.എസിന്റെ ശക്തമായ പിന്തുണയും ഇപ്പോൾ ഗണേശിനുണ്ട്. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന്റെ സഹോദരനായ കലഞ്ഞൂർ മധുവിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയ ജി.സുകുമാരൻ നായർ, പകരം ഡയറക്ടറാക്കിയത് ഗണേശിനെയാണ്. അതിനു ശേഷം ഗണേശാണ് എൻ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇടതുമുന്നണിയുമായും വലത് മുന്നണിയുമായുമുള്ള പാലമായി വർത്തിക്കുന്നത്. സമദൂരമൊക്കെ പറയുമെങ്കിലും എൻ.എസ്.എസ് എക്കാലത്തും യു.ഡി.എഫ് അനുകൂലനിലപാടാണ് പൊതുവെ സ്വീകരിച്ചിട്ടുള്ളത്. ഗണപതിയുടെ മിത്ത് വിവാദത്തിൽ ഇടപെട്ട് എൻ.എസ്.എസ് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ സർക്കാർ എടുത്ത കേസ് പിൻവലിക്കാൻ തീരുമാനിപ്പിച്ചതിനു പിന്നിൽ ഗണേശിന്റെ ഇടപെടലാണെന്നത് വ്യക്തമാണ്.ഇടത് മന്ത്രിസഭയിൽ ഇടംകിട്ടിയില്ലെങ്കിൽ യു.ഡി.എഫിലേക്ക് ചേക്കേറാൻ ഗണേശിന് എല്ലാവിധ പിന്തുണയും എൻ.എസ്.എസ് നൽകുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇപ്പോഴത്തെ ധാർമ്മികരോഷത്തിനൊക്കെ അധികംകാലത്തെ ആയുസ്സുണ്ടാകില്ലെന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്. യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ച ധാർമ്മികരോഷത്തിന് സമാനമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ആരിൽ നിന്നും അത്തരമൊരു രോഷപ്രകടനം ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ അധാർമ്മികതയുടെ ഉദാഹരണങ്ങൾ
അവസരത്തിലും അനവസരത്തിലും രാഷ്ട്രീയ ധാർമ്മികതയെയും സത്യസന്ധതയെയും കുറിച്ച് വായ്ത്താരി നടത്തുന്നവർ തന്നെ നെറികേടിന്റെ അവതാരങ്ങളായി മാറിയ എത്രയെങ്കിലും ഉദാഹരണങ്ങൾ കേരള രാഷ്ട്രീയത്തിൽതന്നെ ചൂണ്ടിക്കാട്ടാൻ കഴിയും. കാലാവധി പൂർത്തിയാക്കാൻ പോലും അവസരം നൽകാതെ സ്വന്തം പാർട്ടിക്കാർ തന്നെ താഴെയിറക്കിയ ആർ.ശങ്കർ മുതൽ തുടങ്ങുന്നു ആ ചരിത്രം. ചാരക്കേസിൽ കെ.കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ത്യജിക്കേണ്ടി വന്നതും ഇടതു മുന്നണിയെ തുടർ ഭരണത്തിലേറ്റാൻ യത്‌നിക്കുന്നതിനിടെ 2006 ലും 2016 ലും അധികാരം ലഭിച്ചപ്പോൾ വി.എസ് അച്യുതാനന്ദനോട് കാട്ടിയതും രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കുന്നതായിരുന്നില്ല. ചാരക്കേസിൽ നിരപരാധിയായിരുന്ന കരുണാകരനെ വലിച്ചു താഴെയിട്ടതിന്റെ ഫലമാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് അനുഭവിക്കേണ്ടി വന്നതെന്നത് ചരിത്രം. 2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗതാഗതവകുപ്പ് മന്ത്രിയായ കെ.ബി ഗണേശ് കുമാറിനെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള അന്ന് പറഞ്ഞത് ഗണേശിനെ രാഷ്ട്രീയത്തിൽ കൊണ്ടു വന്നതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നാണ്. തന്നെ അവഗണിച്ച് മകനെ മന്ത്രിയാക്കിയതിന്റെ രോഷപ്രകടനമായിരുന്നു അത്. ബാലകൃഷ്ണപിള്ള തള്ളിപ്പറഞ്ഞ മകന് പിന്നീട് കൂടുതൽ സ്വത്ത് നൽകിയെന്നാരോപിച്ചാണ് സഹോദരി ഉഷ കോടതിയിൽ കേസ് നൽകിയിട്ടുള്ളത്. പിള്ളയുടെ എതിർപ്പ് തള്ളി മന്ത്രിയാക്കിയ ഉമ്മൻചാണ്ടിയെയാണ് സോളാർ കേസിൽ കുടുക്കാൻ ഗണേശൻ ഗൂഢാലോചന നടത്തിയെന്ന് ഇപ്പോൾ സി.ബി.ഐ കണ്ടെത്തിയത്. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോയ ബാലകൃഷ്ണപിള്ളയെ ജയിൽ മോചിതനാക്കിയ ഉമ്മൻചാണ്ടിയോടുള്ള രാഷ്ട്രീയ ധാർമ്മികത പ്രകടിപ്പിച്ചത് കേരളകോൺഗ്രസ് ബി യെ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലെത്തിച്ചാണ്. യു.ഡി.എഫിലെ അവിഭാജ്യ ഘടകമായിരുന്നു കെ.എം മാണിയും കേരള കോൺഗ്രസും. ബാർകോഴക്കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് മാണിയ്‌ക്കെതിരെ നടത്തിയസമര പ്രക്ഷോഭങ്ങളും നിയമസഭയിലെ കയ്യാങ്കളിയും ഇന്നും ഏറെ ചർച്ചകൾക്ക് വിധേയമാക്കപ്പെടുന്നതാണ്. മാണിയെ സംരക്ഷിക്കാൻ കവചം തീർത്ത യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറിയ ജോസ് കെ. മാണിയുടെ നിലപാടും രാഷ്ട്രീയ
ധാർമ്മികതയ്ക്ക് നിരക്കുന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ്.
ഗണേശിനെ സംബന്ധിച്ച് ഇടതുമുന്നണി മന്ത്രിസഭാ പ്രവേശനവും യു.ഡി.എഫ് പ്രവേശനവും ത്രിശങ്കുവിലായെങ്കിലും ഒടുവിൽ യു.ഡി.എഫിൽ തന്നെ ചേക്കേറാനുള്ള സാദ്ധ്യതയ്ക്കാകും മുൻതൂക്കം. ഇപ്പോൾ ധാർമ്മികരോഷം പ്രകടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ അന്ന് ഗണേശിനുവേണ്ടി പ്രസംഗിക്കാനെത്തിയാലും അത്ഭുതപ്പെടേണ്ടി വരില്ല. രാഷ്ട്രീയ ധാർമ്മികതയ്ക്ക് ആയുസ്സ് അത്രയേ ഉള്ളുവെന്ന് ചുരുക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |