കൊച്ചി: അദ്ധ്യാപകനും പ്രശസ്‌ത എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എറണാകുളം ലിസി ആശുപത്രിയ്ക്ക് സമീപം തിരുനക്കര വീട്ടിലായിരുന്നു താമസം.
23 വർഷം എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. എലിസബത്ത് ടെയ്‌ലർ, മിസ് കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയിട്ടുണ്ട്. ഇരുപത്തിയഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു. ചെറുപ്പം മുതൽതന്നെ സിനിമാപ്രേമിയായിരുന്ന ഓമനക്കുട്ടൻ കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻ നായർ, ആർട്ടിസ്റ്റ് ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഓമനക്കുട്ടൻ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച 'ശവംതീനികൾ' വലിയ ചർച്ചയായി. പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചുള്ള പരമ്പരയായിരുന്നു അത്. മഹാരാജാസിൽ അദ്ധ്യാപനവൃത്തി ആരംഭിച്ച കാലത്തായിരുന്നു ശവംതീനികൾ എഴുതിയത്. രാജനെ കാണാതാകുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. മകനുവേണ്ടി ഈച്ചരവാര്യർ നടത്തിയ പോരാട്ടങ്ങളായിരുന്നു ശവംതീനിയുടെ ഇതിവൃത്തം. ഇക്കഴിഞ്ഞ സെപ്‌തംബർ മൂന്നിന് ഇതിന്റെ പുസ്‌തക രൂപവും മറ്റൊരു പുസ്‌തകമായ 'തിരഞ്ഞെടുത്ത കഥകളും' പ്രകാശനം ചെയ്തിരുന്നു. നടൻ മമ്മൂട്ടിയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |