സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. കുട്ടിക്കാലം മുതൽ സ്‌കൂളുകളിൽ പഠിച്ചുവരുന്ന ഒരു കാര്യമാണിത്. സൂര്യൻ രാവിലെ ഉദിച്ചുയരുന്നതും വൈകിട്ട് അസ്തമിക്കുന്നതും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. എന്നാൽ ഉദിച്ചുയർന്ന സൂര്യൻ അസ്തമിക്കാതിരുന്നാലോ? അങ്ങനെ ചിന്തിച്ച് നോക്കിയിട്ടുണ്ടോ. ദിവസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ നമ്മുടെ ഭൂലോകത്തുണ്ട്. ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകൾ ഏന്തൊക്കെയാണെന്നും അറിയാം. ഈ സ്ഥലങ്ങളിൽ നൂറിൽ കൂടുതൽ മണിക്കൂറുകളാണ് സൂര്യൻ അസ്തമിക്കാതിരിക്കുന്നത്.
സ്വാൽബാർഡ് ( നോർവ്വേ)
ഭൂമി ചരിഞ്ഞ അച്ചുതണ്ടിൽ കറങ്ങുന്നതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ട് ആഴ്ചകളോളം സൂര്യൻ ആർട്ടിക് സർക്കിളിൽ അസ്തമിക്കില്ല. അർദ്ധരാത്രി സമയങ്ങളിൽ സൂര്യൻ ഏറ്റവും കൂടുതൽ സമയം കാണപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് നോർവേയിലെ സ്വാൽബാർഡ്. ഏപ്രിൽ 20 മുതൽ ആഗസ്റ്റ് 22 വരെ ഈ പ്രദേശത്ത് സൂര്യൻ അസ്തമിക്കില്ല. അപൂർവമായ ഈ കാഴ്ച കാണാൻ സ്ഥലത്തേക്ക് വിനോദസഞ്ചാരികൾ എത്താറുണ്ട്.
ഐസ്‌ലാൻഡ്
അറോറ ബോറിയാലിസ് ലൈറ്റുകൾക്ക് ഏറെ പേരുകേട്ട സ്ഥലമാണ് ഐസ്‌ലാൻഡ്. ഇവിടെ മണിക്കൂറുകളോളമാണ് സൂര്യൻ അസ്തമിക്കാതിരിക്കുക. വേൽകാലത്ത് ഇവിടെ പകൽ നീണ്ടുനിൽക്കും. ജൂൺ മാസത്തെ രാത്രി സമയങ്ങളിൽ സൂര്യൻ ഉദിച്ചുനിൽക്കും. മേയ് മുതൽ ആഗസ്റ്റ് മാസങ്ങളിൽ സൂര്യൻ ഒരിക്കലും മുഴുവനായും അസ്തമിക്കില്ല. ഗ്രിംസി ദ്വീപ്, അക്കുരേരി, ഇസഫ്‌ജോർദൂർ എന്നീ സ്ഥലങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ അനുഭവിച്ചറിയാൻ സാധിക്കും.
സെന്റ് പീറ്റേഴ്സ് ബർഗ് ( റഷ്യ)
പത്ത് ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് സെന്റ് പീറ്റേഴ്സ് ബർഗ്. ഉയർന്ന ആൾറ്റിറ്റ്യൂഡുള്ള ഈ മേഖലയിൽ 35 ദിവസങ്ങളോളം സൂര്യൻ അസ്തമിക്കില്ല. മേയ് പകുതി മുതൽ ജൂലായ് പകുതിവരെയാണ് ഈ പ്രതിഭാസത്തിന് സാക്ഷ്യയാകാൻ സാധിക്കുക. ഈ മാസങ്ങളിൽ അർദ്ധരാത്രി സമയത്ത് ആകാശം വെളുത്ത നിറത്തിൽ തെളിഞ്ഞിരിക്കും.
ഫിൻലാൻഡ്
മേയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഫിൻലാൻഡിൽ സൂര്യൻ അസ്തമിക്കാറില്ല. അർദ്ധരാത്രി സമയങ്ങളിലും സൂര്യൻ ഇവിടെ ജ്വലിച്ചു നിൽക്കും. രാത്രി സമയത്ത് സൂര്യൻ ചുവന്നതോ അല്ലെങ്കിൽ മഞ്ഞ നിറത്തിലോ ആയിരിക്കും കാണപ്പെടുക. ഫിൻലാൻഡിലെ ഈ പ്രതിഭാസം കാണാൻ നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |