ലാഹോർ: വീട്ടിൽ നിന്നു ചാടിപോയ വളർത്തു സിംഹം യുവതിയെയും രണ്ട് കുട്ടികളെയും ആക്രമിച്ചു. വീടിന്റെ ചുറ്റുമതിൽ ചാടിക്കടന്നാണ് പൊതുനിരത്തിൽ സിംഹം എത്തിയത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. തിരക്കേറിയ നിരത്തിലൂടെ പോകുകയായിരുന്ന യുവതിയെയും രണ്ട് കുട്ടികളെയുമാണ് സിംഹം ആക്രമിച്ചത്. സിംഹം ഇവരെ പിന്തുടർന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി.
യുവതിയുടെ പിന്നിലൂടെ വന്ന് സിംഹം ചാടി വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. തൊട്ടടുത്ത നിമിഷം തന്റെ കുട്ടികൾക്കു നേരെയും സിംഹം തിരയുന്നുണ്ട്. കുട്ടികളുടെ കൈയിലും മുഖത്തും സിംഹത്തിന്റെ നഖം കൊണ്ട് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വീട്ടിൽ നിന്ന് ഇറങ്ങിയോടിയ സിംഹം വഴിയാത്രക്കാരെ ആക്രമിക്കുന്നത് കണ്ട് ഇതിന്റെ ഉടമകൾ രസിക്കുകയായിരുന്നുവെന്നും രക്ഷിക്കുന്നതിനായി ഇവർ ഒന്നും ചെയ്തില്ലെന്നും യുവതിയുടെ ഭർത്താവ് പൊലീസിനോട് പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനു ശേഷമാണ് സിംഹത്തിന്റെ ഉടമകൾ പിടിയിലായത്.
11 മാസം പ്രായമുള്ള ആൺ സിംഹത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് മൃഗശാല അധികൃതർക്ക് കൈമാറി. സിംഹം പൂർണ ആരോഗ്യവാനാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ഡിസംബറിലും ലാഹോറിലെ മറ്റൊരു സ്ഥലത്ത് സമാനമായ സംഭവം നടന്നിരുന്നു. അന്ന് കൂട്ടിൽ നിന്നും രക്ഷപ്പെട്ട സിംഹം പ്രദേശത്ത് ഭീതിവിതച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |