രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതാണ് 13,000 കോടി വകയിരുത്തിയിട്ടുള്ള പി.എം വിശ്വകർമ്മ പദ്ധതി. പരമ്പരാഗത കരകൗശല തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് സഹായം നൽകുന്ന ഈ പദ്ധതി വിശ്വകർമ്മ ജയന്തി ദിനത്തിലാണ് കേന്ദ്രസർക്കാർ തുടങ്ങിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഈ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. രണ്ടുഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപ വരെ അഞ്ചു ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ മേന്മ. ഈടുവച്ച് വായ്‌പയെടുക്കാൻ ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്തവരാണ് ഭൂരിപക്ഷം കരകൗശല തൊഴിലാളികളും. മാറിയ കാലത്ത് ചെറിയതരം യന്ത്രങ്ങളുടെയും മറ്റും സഹായമില്ലാതെ ഈ തൊഴിൽ മുന്നോട്ടു കൊണ്ടുപോകാനാകില്ല. വായ്‌പാത്തുക ഉപയോഗിച്ച് തൊഴിൽ മെച്ചപ്പെടുത്താനും കൂടുതൽ ഉത്‌പന്നങ്ങൾ സൃഷ്ടിക്കാനും അതുവഴി കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ചെലവും മുന്നോട്ടുകൊണ്ടുപോകാനും ഇവർക്ക് കഴിയാതിരിക്കില്ല.
കയർമേഖലയിൽ തൊഴിൽ ചെയ്യുന്നവർ, ഇരുമ്പു പണിക്കാർ, ആശാരിമാർ, മത്സ്യവല നെയ്യുന്നവർ, ബാർബർമാർ, കളിപ്പാട്ട നിർമ്മാണക്കാർ തുടങ്ങി പതിനെട്ടു തരം തൊഴിൽമേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേരിട്ട് ഗുണം ചെയ്യുന്നതാണ് പദ്ധതി. ആദ്യത്തെ അഞ്ചു വർഷം അഞ്ചുലക്ഷം കുടുംബങ്ങൾക്കും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ലക്ഷം കുടുംബങ്ങൾക്കും പദ്ധതി സഹായകമാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. പണം നൽകുന്നതു മാത്രമല്ല, പരിശീലനം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. ഉത്‌പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പരമ്പരാഗത കരകൗശല തൊഴിലാളികളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനുമാണ് പി.എം വിശ്വകർമ്മ പദ്ധതിയെന്ന് ഇതിന്റെ കേരളത്തിലെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറയുകയുണ്ടായി. ആഗോളവത്‌കരണവും വ്യവസായവത്‌കരണവും കാരണം ഒട്ടേറെ രാജ്യങ്ങൾക്ക് വൈദഗ്ദ്ധ്യവും പാരമ്പര്യവും ഇല്ലാതായി. ഇന്ത്യയിൽ ഇതു സംഭവിച്ചിട്ടില്ല. വിശ്വകർമ്മ വിഭാഗം കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ്. അടുത്തിടെ സമാപിച്ച ജി- 20 ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശന മേളയിൽ ഈ ഉത്‌പന്നങ്ങൾ പ്രദർശിപ്പിച്ചതിലൂടെ ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും ലോകത്തിനു മുന്നിൽ കാണിക്കാനായെന്നും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു.
കരകൗശല ഉത‌്‌പന്നങ്ങൾ നിർമ്മിക്കുന്നവർക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നത്. ഈ ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഇടനിലക്കാർക്കും, അവ സ്വദേശത്തും വിദേശത്തും വിറ്റഴിക്കുന്ന വൻകിടക്കാർക്കുമാണ് ലാഭം മുഴുവൻ. ഈ സ്ഥിതി മാറാതെ വായ്‌പ നൽകിയതുകൊണ്ടു മാത്രം കരകൗശല മേഖലകളിൽ പ്രവർത്തിക്കുന്നവർ രക്ഷപ്പെടില്ല. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ ഏജൻസികൾ തന്നെ മാന്യമായ വില നൽകി ഈ ഉത്‌പന്നങ്ങൾ സംഭരിക്കുകയും സ്വദേശത്തെ വിനോദസഞ്ചാര മേഖലകളിലും വിദേശത്തും വിറ്റഴിക്കാനുള്ള തന്ത്രങ്ങളും വഴികളും ആവിഷ്‌കരിക്കുകയും വേണം. ഇവർക്കു ലഭിക്കുന്ന വായ്‌പ, ആദായം ലഭ്യമാകാത്ത മറ്റു കാര്യങ്ങൾക്കായി വകമാറ്റുന്നില്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ ഇവർ കടക്കെണിയിൽ പെട്ടുപോകാനുള്ള സാദ്ധ്യതയും തള്ളാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ പദ്ധതിയുടെ പ്രഖ്യാപനത്തിലല്ല, കാര്യക്ഷമമായ നടത്തിപ്പിലാണ് ഇതിന്റെ വിജയം. സാമ്പത്തികമായി ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കരകൗശല ഉത്‌പന്നങ്ങൾക്ക് മികച്ച വിപണികൾ ഉണ്ടാവാനും പദ്ധതി വലിയ വിജയമായി മാറാനും ഇടവരട്ടെയെന്ന് ആശംസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |