SignIn
Kerala Kaumudi Online
Sunday, 05 October 2025 7.31 PM IST

ദേശചരിത്രം, സാനു മാഷിന്റെ ആവശ്യവും ചരിത്രകാരന്റെ ദുഃഖവും

Increase Font Size Decrease Font Size Print Page
mk-sanu

ജനിച്ച ഗ്രാമത്തിൽ അഭിമാനം കൊള്ളാത്തവർ വിരളമാണ്. 'ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം..." എന്നു തുടങ്ങുന്ന മഹാകവി വള്ളത്തോളിന്റെ കവിതാശകലം ഇന്ത്യൻ ദേശീയതയെ ഉദ്‌ഘോഷിക്കുന്നുവെങ്കിൽ,​ മാതൃഗ്രാമത്തോടുള്ള അകമഴിഞ്ഞ സ്‌നേഹം ദേശസ്‌നേഹത്തിനു സമാനമാണ്. ജന്മദേശത്തിന് തനതായ പ്രകൃതിഭംഗിയും പ്രകൃതിസമ്പത്തിനും ഉപരി, മഹാശയന്മാരുടെ കാൽപ്പാടുകൾ പതിഞ്ഞ ഭൂതകാലം കൂടിയുണ്ടെങ്കിൽ, അതൊരു പുണ്യസ്ഥലം തന്നെയാണ്. ഒരു ദേശത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഒളിഞ്ഞുകിടക്കുന്നത് അവിടത്തെ ഗ്രാമങ്ങളിലാണ്. ആ സ്പന്ദനങ്ങൾ കാതോർത്ത് ശ്രദ്ധിച്ചാൽ മാനവ ചരിത്ര മഹാസാഗരത്തിന്റെ കടലിരമ്പം കേൾക്കാനാകും!

നവോത്ഥാന നായകനായ സി. കേശവന്റെ വാക്കുകളിൽ 'നവോത്ഥാന പ്രവർത്തകർക്കു കിട്ടിയ ഊർജ്ജം, ഉദ്യമനത്തിനുള്ള പ്രേരകം, അതിനുള്ള കളിക്കളം അവർക്ക് ഒരുക്കിക്കൊടുത്തതിൽ പ്രധാനം, നവോത്ഥാന കാല പ്രക്ഷോഭങ്ങൾക്ക് ഏകദേശം മൂന്നുപതിറ്റാണ്ടുകൾക്കു മുൻപ്, ശ്രീനാരായണ ഗുരുവും, അദ്ദേഹത്തിന്റെ ശിഷ്യന്മാരും തുടങ്ങിവച്ച പ്രവർത്തനങ്ങളും, അദ്ദേഹത്തിന്റെ ആശീർവാദത്തോടെ രൂപപ്പെടുത്തിയ ബഹുജന സംഘടനാ ശക്തിയുമാണ്. പാർശ്വവത്കരിക്കപ്പെട്ടിരുന്ന ഈഴവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനതയിലേക്ക് നൂതന ആശയങ്ങൾ സംക്രമിപ്പിച്ച്, അവയെ ക്രമേണ വികസിപ്പിച്ച്, ശ്രീനാരായണഗുരുവും സംഘവും ജനകീയ അടിത്തറ ബലവത്താക്കിയതിലൂടെയാണ് നവോത്ഥാന പ്രവർത്തനം സുഗമമായത്. ശ്രീനാരായണ ഗുരുവും, അദ്ദേഹത്തിന്റെ ശിഷ്യന്മാരും ബഹുജനത്തിനിടയിൽ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ സമയോചിതമായി നടത്തിയില്ലായിരുന്നുവെങ്കിൽ, നിവർത്തന പ്രക്ഷോഭം ഉൾപ്പെടെയുള്ള നവോത്ഥാന പ്രക്ഷോഭങ്ങൾ വിജയം കൈവരിക്കുക അസാദ്ധ്യമായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേരളത്തിന്റെ സാമൂഹിക സ്ഥിതി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നവും ആകുമായിരുന്നില്ല.

നവോത്ഥാന പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ അനേകം പ്രതിഭാശാലികൾക്ക് ജന്മം നൽകിയ ഗ്രാമമായ കൊല്ലം ജില്ലയിലെ മയ്യനാടിനെ, ഈ അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ എം.കെ. സാനു മാഷ് വിശേഷിപ്പിച്ചത് 'നവോത്ഥാന ഗ്രാമ" മായാണ്. അനേകം തവണ ഈ ഗ്രാമം സന്ദർശിച്ച, ഗ്രാമത്തിൽ വ്യക്തിബന്ധങ്ങൾ നിലനിറുത്തിയിരുന്ന സാനു മാഷ്, താനാഗ്രഹിച്ചിരുന്ന ആ ഗ്രാമത്തിലേക്ക് വീണ്ടുമൊരു സന്ദർശനം സാദ്ധ്യമാകാതെയാണ് കാലയവനികയ്ക്കു പിന്നിൽ മറഞ്ഞത്. 'നവോത്ഥാന ഗ്രാമ"മായി മയ്യനാടിനെ വിശേഷിപ്പിച്ച സാനു മാഷ്, ഈ ഗ്രാമത്തിൽ ഇത്രയധികം ഉല്പതിഷ്ണുക്കൾ ജന്മംകൊള്ളാനുള്ള കാരണം പഠന വിഷയമാക്കേണ്ടതാണെന്നും പറഞ്ഞിട്ടുണ്ട്. മയ്യനാട് എന്ന ഗ്രാമം പലയാവർത്തി സന്ദർശിച്ചിട്ടുള്ള സാനു മാഷ്, ആ ഗ്രാമത്തിൽ ഒരു നവോത്ഥാന സ്മാരകത്തിന്റെ അഭാവം ചൂണ്ടിക്കാണിക്കുകയും,​ അവിടെ ഒരു സ്മാരകം സ്ഥാപിക്കാൻ ഭരണകർത്താക്കൾ മുൻകൈയെടുക്കണമെന്ന് തന്റെ അവസാന ലേഖനത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മയ്യനാടിന്റെ ചരിത്രകാരനായ എം. പ്രഭാകരൻ തമ്പിയുടെ 'മയ്യനാട് ഒരു ചരിത്രസമ്പന്ന ഗ്രാമം" എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം, സി. കേശവന്റെ ആത്മകഥയായ 'ജീവിതസമര" ത്തിനു ശേഷം മയ്യനാട് എന്ന ദേശത്തെ പ്രതിപാദിക്കുന്ന ആദ്യപുസ്തകമാണ് മയ്യനാട്ടുകാരനായ പ്രഭാകരൻ തമ്പിയുടെ ഈ പുസ്തകം ആദർശബോധമുള്ള ഒരു ചരിത്ര ജിജ്ഞാസുവിന്റെ രചനയാണ്. നവോത്ഥാന നായകരുടെ വീര്യവും പ്രബുദ്ധതയും ഇപ്പോഴും ആ മണ്ണിനെ സമ്പുഷ്ടമായിത്തന്നെ കാത്തുസൂക്ഷിക്കുന്നുവെന്ന് എടുത്തു കാട്ടുന്നതാണ് പ്രഭാകരൻ തമ്പിയുടെ 'മയ്യനാട്- ഒരു ചരിത്രസമ്പന്ന ഗ്രാമം." ഈ ചരിത്ര ഗവേഷണ ഗ്രന്ഥത്തിലെ പല ഭാഗങ്ങളും ചരിത്ര വിദ്യാർത്ഥികൾക്ക് പാഠ്യ വിഷയമാകേണ്ടതു തന്നെയാണ്. ഇത്രയേറെ മഹത്തായ സംഭാവനകൾ നൽകിയ പ്രതിഭാശാലികളായ നവോത്ഥാന നായകന്മാർ ഉണ്ടായിരുന്ന ആ ദേശത്ത് ഒരു സ്മാരകത്തിന്റെ അഭാവം, മൂന്നുവർഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ മയ്യനാടിന്റെ ചരിത്രകാരനായ എം പ്രഭാകരൻ തമ്പി, അദ്ദേഹത്തിന്റെ 'സ്മൃതിമാധുര്യം" എന്ന പുസ്തകത്തിൽ, ഒരു ദുഃഖമായി പങ്കുവച്ചിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ പുത്രനായ ഞാനും, സാനു മാഷിന്റെ ആവശ്യത്തോടും, മയ്യനാടിന്റെ ചരിത്രകാരനായ പ്രഭാകരൻ തമ്പിയുടെ ദുഃഖത്തോടും പ്രതിദ്ധ്വനിക്കുന്നു. ജീവിക്കേണ്ടത് മുന്നോട്ടു നോക്കിയാണെങ്കിൽ ജീവിതത്തെപ്പറ്റി പഠിക്കേണ്ടത് പിറകോട്ട് നോക്കിയാണെന്നുള്ള യാഥാർത്ഥ്യം വരും തലമുറയും മനസിലാക്കേണ്ടതാണ്.

മയ്യനാട് ഇല്ലക്കാരനായ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ് പരിപാവനമായ ഗ്രാമമാണ് മയ്യനാട്. വിദ്യാഭ്യാസ,​ സാംസ്‌കാരിക സമ്പന്നമായ ആ മണ്ണിലാണ് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തെ മാറ്റിമറിച്ച സി.വി. കുഞ്ഞുരാമൻ, സി. കേശവൻ, പ്രൊഫ. എൻ. ഗോപാലപിള്ള, എ. ജോൺ, കെ. ദാമോദരൻ, പത്രാധിപർ കെ. സുകുമാരൻ, എം. പ്രഭ എന്നീ പ്രതിഭാശാലികളും, കേരളകൗമുദി പത്രവും പിറന്നുവീണത്. രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ വളർന്നുവരുന്ന ഭാവി തലമുറയ്ക്കു വേണ്ടി,​ ഒരു വടത്തിൽ പിണഞ്ഞു കിടക്കാതെ ഒരുമയോടെ കൈകോർക്കേണ്ടത്, 'നമ്മൾ എങ്ങനെ നമ്മളായെന്ന്' മനസിലാക്കിക്കൊടുത്തുകൊണ്ടാണ്. നവോത്ഥാന സ്മാരകം അതിന് ഉപോൽബലകം ആകുന്നതിനൊപ്പം ആ പ്രബുദ്ധ ഗ്രാമത്തിന് തിലകക്കുറിയാവുകയും ചെയ്യും.

അവിടേയ്ക്ക് നിത്യസന്ദർശകനായിരുന്ന ശ്രീനാരായണഗുരു വന്നിറങ്ങിയിരുന്ന മയ്യനാട് ശാസ്താംകോവിൽ പ്രദേശമാണ് സാനുമാഷ് ആവശ്യപ്പെട്ടിരുന്ന നവോത്ഥാനഗ്രാമ സ്മാരകത്തിന് ഉചിതമായ സ്ഥലം. നവോത്ഥാന ചലന വിജയങ്ങളുടെ നൂറു വർഷങ്ങൾ ആഘോഷിക്കുന്ന ഈ കാലയളവിൽ, ആ പുണ്യ ഗ്രാമത്തിൽ കേരളത്തിലെ നവോത്ഥാന ഗ്രാമം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരും തദ്ദേശഭരണ സമിതികളും ഇപ്പോൾ അവിടെ സ്ഥിതി ചെയ്യുന്ന പാർക്കും സാംസ്‌കാരിക കേന്ദ്രവും രൂപാന്തരപ്പെടുത്തി പരിഗണിക്കുമെന്ന് കരുതുന്നു.

(മയ്യനാടിന്റെ ചരിത്രകാരനായ എം. പ്രഭാകരൻ തമ്പി വിടവാങ്ങിയിട്ട് സെപ്തംബർ 12ന് മൂന്നുവർഷം കഴിഞ്ഞു)​

TAGS: MKSANU, MAYYANADU, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.