കൊച്ചി: ഈ വീട്ടിൽ എല്ലാവരും സന്തുഷ്ടരാണ്. ഇരുനൂറോളം പേരുണ്ടിവിടെ. വാർദ്ധക്യകാലത്തെ വിരസതയകറ്റി ആഹ്ളാദം പകരുകയാണ് എറണാകുളം അയ്യപ്പൻകാവിലെ ഈ പകൽവീട്.
55 കഴിഞ്ഞവർക്ക് 5000 രൂപ മുടക്കിയാൽ ആജീവനാന്ത അംഗത്വം നേടാം. ദമ്പതികളാണെങ്കിൽ രണ്ടുപേർക്കും കൂടി 7500 രൂപ. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഒത്തുകൂടാം. 2010 നവംബർ ഒന്നിന് ആരംഭിച്ച പകൽവീടിന് സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ സഹായമില്ല.
വിവിധ ഉദ്യോഗങ്ങളിൽനിന്ന് വിരമിച്ചവരും മറ്റു ജോലികളിൽ ഏർപ്പെട്ടിരുന്നവരുമെല്ലാം ചേർന്ന കൂട്ടായ്മയിൽ അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കലാണ് പ്രധാന വിനോദം. രാഷ്ട്രീയം നിഷിദ്ധം. മിക്കവരും വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളുമായാണ് എത്തുക.
ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടെ 195 അംഗങ്ങൾ അയ്യപ്പൻകാവ് ടാറ്റാ പൈപ്പ് ലൈൻ റോഡിലെ പകൽവീട്ടിലുണ്ട്. ദിവസം 50-60 അംഗങ്ങൾ ഒത്തുചേരും. ഒരുവർഷ കാലാവധിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കാണ് ചുമതല. തുറന്ന ചർച്ചയിലൂടെ എല്ലാവരുടെയും അഭിപ്രായം സ്വരൂപിച്ചാണ് തീരുമാനങ്ങൾ. മാസത്തിലെ ആദ്യശനിയാഴ്ച ചേരുന്ന എക്സിക്യുട്ടീവ് യോഗം പരിപാടികൾ ആസൂത്രണം ചെയ്യും.
വി.എസ്. സോമനാഥൻ (പ്രസിഡന്റ്), എം. രാമചന്ദ്രൻ (ജനറൽ സെക്രട്ടറി), ഐഷ ഗോപാലൻ (ട്രഷറർ) എന്നിവർ അടങ്ങുന്ന 15 അംഗ സമിതിയാണ് ചാരിറ്റബിൾ സൊസൈറ്റിയായ രജിസ്റ്റർ ചെയ്ത സംഘടനയുടെ ഭാരവാഹികൾ.
എല്ലാമാസവും കുടുംബസംഗമം
എല്ലാമാസവും അവസാന ശനിയാഴ്ച കുടുംബസംഗമമാണ്. വിഭവസമൃദ്ധമായ സസ്യാഹാരസദ്യയും കലാപരിപാടികളും ഉണ്ടാകും. കുടുംബത്തിലെ കുട്ടികളും മറ്റ് അംഗങ്ങളും ആഘോഷത്തിൽ പങ്കുചേരും. അതത് മാസത്തെ ജന്മദിനാഘോഷങ്ങളും കുടുംബസംഗമത്തോടൊപ്പമാണ് കൊണ്ടാടുന്നത്. ഈ മാസത്തെ കുടുംബസംഗമത്തിൽ 15 പേരുടെ ജന്മദിനാഘോഷവുമുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യസംരംഭമാണ് അയ്യപ്പൻകാവിലെ പകൽവീട് എന്ന് ഭാരവാഹികൾ പറയുന്നു.
ദുഃഖഭാരംപേറി വരുന്നവർ ചിരിച്ചുകൊണ്ടേ മടങ്ങാവൂ എന്നതാണ് അലിഖിതനിയമം. ഏത് സങ്കടവും തുറന്നുപറയണം. ഒന്നിലധികം ആളുകൾ കദനകഥ വിവരിക്കാനുണ്ടെങ്കിൽ പ്രശ്നപരിഹാരവും എളുപ്പമാകും. താരതമ്യം ചെയ്ത് സ്വയം സമാധാനിക്കാനുള്ള അവസരമായി അതുമാറുകയാണ് പതിവ്.
വി.എസ്. സോമനാഥൻ, പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |