കേരളത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും ജാതിയുടെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സംഭവത്തിൽ അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പലപ്പോഴായി താൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് മന്ത്രിയ്ക്ക് നേരിടേണ്ടി വന്ന വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ താൻ ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി താൻ പോകില്ലെന്നും നടൻ വ്യക്തമാക്കി. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് തങ്ങൾ വളർന്നതെന്നും മന്ത്രിയ്ക്കുണ്ടായ പ്രയാസത്തിൽ സുബീഷ് സുധി മാപ്പ് പറയുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട സഖാവേ..
മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവുമില്ലെന്ന് എന്നെ പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്കുണ്ടായ ദുരനുഭവത്തിൻ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്.
അമ്പലവും പള്ളിയും ചർച്ചും ഞങ്ങൾക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ഞാൻ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല. പയ്യന്നൂർ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയർത്തിക്കാട്ടുന്ന എനിക്ക് താങ്കൾക്കുണ്ടായ പ്രയാസത്തിൽ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും രണ്ട് കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസായോ ആരും ഉയർത്തിക്കാട്ടരുത്... ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേർക്കാൻ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണൻ സർ നിങ്ങൾക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |