തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലിറങ്ങി ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവംബർ 18 മുതൽ ഡിസംബർ 24 വരെയായി 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലും പര്യടനത്തിനാണ് മന്ത്രിസഭാ തീരുമാനം.
നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാരുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയാനാണ് പര്യടനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലങ്ങളിൽ ബഹുജന സദസും നടത്തും. ഒരു ദിവസം നാല് മുതൽ അഞ്ച് വരെ മണ്ഡലങ്ങളിൽ പര്യടനമുണ്ടാകും. നവംബർ 18ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ നേതൃത്വം വഹിക്കും. സംഘാടക സമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ ഈ മാസം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും മഹിളകളും വിദ്യാർത്ഥികളുമടങ്ങുന്ന ബഹുജന സദസ്സുകൾ ആസൂത്രണം ചെയ്യും. കലാപരിപാടികളും സംഘടിപ്പിക്കും.
മണ്ഡലം സദസ്സിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർത്ഥി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് ജേതാക്കൾ, തെയ്യം കലാകാരന്മാർ, സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, കലാ സാംസ്‌കാരിക സംഘടനകൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറിയെയും, സംസ്ഥാന തല കോ-ഓർഡിനേറ്ററായി പാർലമെന്ററികാര്യ മന്ത്രിയെയും ചുമതലപ്പെടുത്തി. ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കായിരിക്കും. മന്ത്രിമാരില്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏൽപ്പിക്കും. ജില്ലകളിൽ നടത്തിപ്പ് ചുമതല ജില്ലാ കളക്ടർമാർക്കായിരിക്കും.
മന്ത്രിസഭാ പുനഃസംഘടന ആലോചിച്ചിട്ടില്ല: ഇ.പി. ജയരാജൻ
മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണി ആലോചിച്ചിട്ടില്ലെന്ന് കൺവീനർ ഇ.പി. ജയരാജൻ. മുൻ തീരുമാനങ്ങൾ അടിസ്ഥാനമാക്കി കാര്യങ്ങൾ നടക്കും. മുന്നണിയിൽ പലതും ചർച്ചചെയ്യും. അതെല്ലാം പറയാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇതുവരെ ചർച്ചചെയ്യാത്ത വിഷയം ഒരുവശത്ത് നിന്ന് ആരോ അടിച്ചുവിട്ടു. എല്ലാവരും അത് ഏറ്റെടുത്തു. അടിച്ചുവിട്ടയാൾ മറ്റുള്ളവരെ പറ്റിച്ചു. എൽ.ജെ.ഡി മാത്രമല്ല, എല്ലാപാർട്ടികളും മുന്നണിയിൽ പലകാര്യങ്ങളിലും കത്തുനൽകും. കോവൂർ കുഞ്ഞുമോൻ കത്തുനൽകിയിട്ടുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഒരു പാർട്ടി എന്തെങ്കിലും ആവശ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല.
ഒരേസമയത്ത് എല്ലാവർക്കും മന്ത്രിസ്ഥാനം നൽകാൻ കഴിയില്ല. ചിലർക്ക് രണ്ടരവർഷം കഴിയുമ്പോൾ സ്ഥാനം നൽകുമെന്ന് തീരുമാനിച്ചു. ആ തീരുമാനം നടപ്പാകും. അത് എൽ.ജെ.ഡി ഉൾപ്പെടെയുള്ളവർ ഒരുമിച്ചെടുത്ത തീരുമാനമാണ്. അതുപ്രകാരം കാര്യങ്ങൾ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു മനസോടെ ഇടതുമുന്നണി പ്രവർത്തിക്കും. മുന്നണിക്ക് പുറത്തുള്ള വലിയ വിഭാഗം ജനങ്ങൾ കൂടി ഇടതുമുന്നണിക്ക് ഒപ്പംവരും.
ജനകീയ സദസ് വിജയിപ്പിക്കാൻ രംഗത്തിറങ്ങും
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംഘടിപ്പിക്കുന്ന നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ജനകീയ സദസ് വിജയിപ്പിക്കാൻ എൽ.ഡി.എഫ് സജീവമായി രംഗത്തിറങ്ങുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. ഇതിന് മുന്നോടിയായി കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴുവരെ നടത്തുന്ന കേരളീയം പരിപാടിയും വൻ വിജയമാക്കും. മഞ്ചേശ്വരത്തു നിന്ന് ആരംഭിക്കുന്ന സദസ് തിരുവനന്തപുരത്ത് അവസാനിക്കും.
പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗമാണ്. അത് ഇനി ചർച്ചചെയ്യേണ്ടതില്ല. പുതിയ കേരളം എന്നത് ഒരു വർഷമോ രണ്ടുവർഷമോ കൊണ്ടുണ്ടാക്കാൻ കഴിയില്ല. സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികൾ അതിവേഗത്തിൽ പൂർത്തീകരിക്കുകയാണ് ജനകീയ സദസിലൂടെ ലക്ഷ്യമാക്കുന്നത്. ഓരോ മണ്ഡലത്തിലെയും യോഗങ്ങളിലൂടെ അവിടെ എന്താണ് വേണ്ടതെന്ന് അറിയുകയും അത് അതിവേഗം അവിടെ നടപ്പാക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |