കോട്ടയം: നിപ പേടിയിൽ കടുത്ത പ്രതിസന്ധിയെ അഭിമൂഖീകരിക്കുകയാണ് സംസ്ഥാനത്തെ ടൂറിസം മേഖല. കൊവിഡിന് ശേഷം കരകയറിവരുമ്പോഴാണ് നിപയിൽ ടൂറിസം മേഖലയ്ക്ക് അപ്രതീക്ഷിത പ്രഹരമുണ്ടായത്. ബുക്കിംഗുകൾ ഏറെ റദ്ദാക്കപ്പെട്ടതിന് പിന്നാലെ പൂജ, ദീപാവലി സീസണും വെള്ളത്തിലാകുമെന്ന ഭീതിയുണ്ട്. നിപയെന്ന പ്രചരണം മുറുകുമ്പോൾ കോടികളുടെ നഷ്ടമാണ് ടൂറിസം മേഖലയ്ക്ക് സംഭവിക്കുക.
സീസൺ ടൂറിസത്തിന്റെ കടയ്ക്കലാണ് നിപ കത്തിവയ്ക്കുന്നത്. ബുക്കിംഗ് റദ്ദാക്കിയവരിൽ ഏറെയും നോർത്ത് ഇന്ത്യൻ സഞ്ചാരികളാണ്. നോർത്ത് ഇന്ത്യയിൽ ഇപ്പോൾ വിവാഹ സീസണായതിനാൽ ഹണിമൂൺ ട്രിപ്പ് ബുക്ക് ചെയ്തവരും റദ്ദു ചെയ്തതിൽ ഉൾപ്പെടുന്നു. ഒക്ടോബർ ആദ്യം മുതൽ പൂജ, ദീപാവലി സീസൺ ആരംഭിക്കും. ഇത് മുന്നിൽക്കണ്ട് ടൂറിസം സംരഭകർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഡൽഹി, ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിംഗുകൾ ക്യാൻസൽ ചെയ്തതും ആശങ്കപ്പെടുത്തുന്നു.
സംസ്ഥാനത്തിന് കോടികളുടെ നഷ്ടം
സംസ്ഥാനത്തെ അംഗീകൃത ഏജൻസികളുടെ ഭൂരിഭാഗം ബുക്കിംഗുകളും ക്യാൻസലായി. ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യക്കാർ ഏറെ ഇഷ്ടപ്പെടുന്ന കുമരകത്തെ നിപ സാരമായി ബാധിക്കുമെന്നുമുറപ്പായി. കൊച്ചി, മൂന്നാർ, തേക്കടി, കുമരകം പാക്കേജാണ് റദ്ദാക്കപ്പെട്ടത്.
സംസ്ഥാനത്തെ അംഗീകൃത ടൂറിസം ഏജൻസികൾ: 85 ഓളം
ആശങ്കയിൽ ഹൗസ് ബോട്ട് മേഖല
നിപ സ്ഥിരീകരിച്ച ശേഷം ഹൗസ് ബോട്ട് ബുക്കിംഗുകളും ക്യാൻസൽ ചെയ്തിരുന്നു. ട്രിപ്പ് പ്ലാൻ ചെയ്തവർ യാത്ര റദ്ദു ചെയ്തതിനൊപ്പം കുമരകത്ത് ഉണ്ടായിരുന്നവർ യാത്ര അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. പൂജ സീസൺ എങ്ങനെയാകുമെന്നതിൽ ആശങ്കയുണ്ട്.
ഷനോജ് ഇന്ദ്രപ്രസ്ഥ, ഹൗസ് ബോട്ടേഴ്‌സ് ഉമട
പ്രതിസന്ധികളിൽ നിന്ന് കരകയറുമ്പോഴാണ് നിപ ഭീഷണി. വൻ തിരിച്ചടിയാണ് മേഖലയ്ക്ക്.
കെ.കെ.അനുമോദ്, ടൂറിസം സംരഭകൻ
പ്രതിസന്ധിയിങ്ങനെ
നിപ പേടിയിൽ ഉത്തരേന്ത്യൻ ടൂറിസ്റ്റുകൾ ബുക്കിംഗ് റദ്ദു ചെയ്തു
സീസൺ പ്രമാണിച്ച് ലക്ഷങ്ങൾ മുടക്കി മുന്നൊരുക്കം നടത്തി
പൂജ സീസണെയും കാര്യമായി ബാധിക്കാൻ സാദ്ധ്യത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |