ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയുടെ സാന്നിധ്യം ആവശ്യമില്ലായിരുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. വർഷത്തിലൊരിക്കൽ ഭരണഘടനാ കർത്തവ്യ നിർവഹണണത്തിന് രാഷ്‌ട്രപതി പാർലമെന്റിൽ എത്തണമെന്നേ ഭരണഘടനയിൽ പറയുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഹാജരാവാതിരുന്നത് അപമാനമാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പ്രമുഖ പ്രതിപക്ഷ പാർട്ടിയുടെ അംഗമെന്ന നിലയിൽ നന്നായി ഗൃഹപാഠം ചെയ്യണമെന്നും ധൻകർ ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാലിന് കാര്യങ്ങൾ അറിയാത്തതിനാലാണ് ഇതു പറയുന്നത്. മറ്റുള്ളവരുടെ പോരായ്മകൾ നികത്താനും അറിവില്ലായ്‌മ പരിഹരിക്കാനും കഴിയില്ല. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും രാജ്യം ഏറ്റവും വലിയ ബഹുമാനം നൽകിയിട്ടുണ്ട്. ഭരണഘടനാ ലംഘനം നടന്നിട്ടില്ല. രാഷ്‌ട്രപതിയുടെ റോൾ ഭരണഘടന വായിച്ചാൽ മനസിലാകും. പാർലമെന്റിന്റെ എല്ലാ സമ്മേളനങ്ങളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യണമെന്നാണ് ആദ്യ ഭരണഘടനയിൽ എഴുതിയത്. ഇത് പിന്നീട് ഭേദഗതി ചെയ്‌തപ്പോൾ വർഷത്തിൽ ഒരിക്കൽ രാഷ്ട്രപതി ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് മാത്രമായെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |