തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനവും യു.ഡി.എഫ് ബഹിഷ്കരിക്കും. നവകേരളം മുദ്രാവാക്യമായുള്ള പര്യടനം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള എൽ.ഡി.എഫിന്റെ രാഷ്ട്രീയനീക്കമെന്ന് വിലയിരുത്തിയാണ് ബഹിഷ്കരിക്കുന്നത്. യു.ഡി.എഫ് വികസനവിരോധികളെന്ന് മുദ്രകുത്തി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയപ്പോരിലേക്ക് നീങ്ങി.
പരിപാടികളിൽ സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. രണ്ടും സർക്കാർ ചെലവിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രചാരണം ഇടതുമുന്നണി സ്വന്തം നിലയിൽ സംഘടിപ്പിക്കണം. പൊതുജനങ്ങളുടെ നികുതിപ്പണം അതിനുപയോഗിക്കരുത്. സംസ്ഥാനം ചരിത്രത്തിലെ വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ധൂർത്തിന് കളമൊരുക്കുന്നത്. നികുതിക്കൊള്ള സാധാരണക്കാരന്റെ കഴുത്തറുക്കുകയാണ്. ക്ഷേമ പദ്ധതികൾക്ക് പോലും പണമില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ചോദ്യചിഹ്നമായി. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി. സർക്കാരിന്റെ മുഖം മിനുക്കാനാണ് കോടികൾ ചെലവഴിക്കുന്നത്. പ്രതിപക്ഷവുമായി ഇക്കാര്യങ്ങൾ ആലോചിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബഹിഷ്‌കരണം. സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |