ന്യൂഡൽഹി: അഴിമതിക്കേസിൽ തെലുങ്ക് ദേശം പാർട്ടി ( ടി ഡി പി) നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് പാർട്ടി എം എൽ എമാർ. ടി ഡി പി എം എൽ എയും നടനുമായ നന്ദമൂരി ബാലകൃഷ്ണ നിയമസഭയിൽ വിസിലടിച്ചാണ് പ്രതിഷേധിച്ചത്.
ജലസേചന മന്ത്രി എ രാംബാബുവിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നന്ദമുരി ബാലകൃഷ്ണ ആംഗ്യം കാണിച്ചിരുന്നു. ഇതിനുപിന്നാലെ സഭാനടപടികൾ തടസപ്പെടുത്തിയതിന് ബാലകൃഷ്ണയെയും 15 ടിഡിപി എം എൽ എമാരെയും നിയമസഭയിൽ നിന്ന് ഇന്നലെ ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഇന്ന് സഭ ചേർന്നപ്പോൾ ബാലകൃഷ്ണ വീണ്ടും പ്രതിഷേധം തുടർന്നു. കൂടാതെ ചോദ്യോത്തരവേള ആരംഭിച്ചയുടൻ ടി ഡി പി എം എൽ എമാർ സ്‌പീക്കർ ഡയസിൽ കയറി പ്രതിഷേധിച്ചു. നായിഡുവിനെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിച്ചു. സംഭവത്തിൽ ടി ഡി പി എം എൽ എമാരെ വിമർശിച്ച ആന്ധ്രാ ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്, മര്യാദ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, വൈഎസ്ആർസിപി നേതാക്കളാണ് നിയമസഭയിൽ ബഹളം തുടങ്ങിയതെന്നും, തങ്ങൾ നീതിക്കുവേണ്ടി പോരാടുകയാണെന്നും ബാലകൃഷ്ണ പ്രതികരിച്ചു. നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് 371 കോടിയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരെയുള്ള കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |