തിരുവനന്തപുരം: ഇക്കഴിഞ്ഞ ഓണനാളുകളിൽ കേരള ഖാദി ബോർഡ് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയം 17.81 കോടി രൂപയുടേതായിരുന്നു വില്പന. 4.7 കോടിയുടെ അധിക വില്പനയാണ് ഈ വർഷം ലഭിച്ചത്.
റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാൻ കഴിഞ്ഞു. ഖാദിയിലെ സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഒല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ ഒക്ടോബർ 20ന് നറുക്കെടുക്കും.
സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കുന്നത് തുടരാൻ ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ബോർഡ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് മുതൽ ഒക്ടോബർ 3 വരെയാണ് ആഘോഷം. തിരുവനന്തപുരത്ത് ഒക്ടോബർ മൂന്നു വരെ അയ്യങ്കാളി ഹാളിൽ ഖാദി മേള നടക്കും.
ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30ശതമാനം വരെ റിബേറ്റ് നൽകും. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക് പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വാങ്ങാം. ആഴ്ചയിൽ ഒരു ദിവസം തൂവെള്ള ഖാദിവസ്ത്രം ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നോളെജ് സിറ്റിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളുമായി വ്യാപാരം വർദ്ധിപ്പിക്കുന്ന നടപടിയെടുത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തികവർഷം 150 കോടി വില്പനയാണ് ലക്ഷ്യമിടുന്നത്. ഖാദിബോർഡിൽനിന്ന് വായ്പ എടുത്ത് കുടിശ്ശിക നിവാരണത്തിന് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഒക്ടോബർ 9 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |