ബീജിംഗ് : ഓഗസ്‌റ്റ് അവസാനം അരുണാചൽ പ്രദേശും അക്സായി ചിനും സ്വന്തം പ്രദേശങ്ങളായി ഉൾപ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. ദക്ഷിണ ടിബറ്റ് എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. 1962ലെ യുദ്ധത്തിൽ അക്സായ് ചിൻ തങ്ങൾ കൈവശപ്പെടുത്തിയെന്നാണ് അവകാശവാദം. ഭൂപടം അസംബന്ധമാണെന്ന് പറഞ്ഞ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
വിവാദ ഭൂപടത്തിനെതിരെ ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും തായ്‌വാൻ ഭരണകൂടവും രംഗത്തെത്തിയിരുന്നു. ദക്ഷിണാ ചൈനാക്കടലിന്റെ നല്ലൊരു ഭാഗവും തങ്ങളുടേതാണെന്ന് ചൈന ഭൂപടത്തിൽ കാട്ടിയതാണ് ഫിലിപ്പീൻസ്, മലേഷ്യ എന്നിവരെ പ്രകോപിപ്പിച്ചത്.
പാരാസെൽ, സ്‌പ്രാറ്റ്‌ലി ദ്വീപുകളിലും തങ്ങളുടെ സമുദ്രാതിർത്തിയിലും ചൈന അവകാശവാദമുന്നയിച്ചത് വിയറ്റ്നാമിനെയും ചൊടിപ്പിച്ചു. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. ഭൂപടത്തിലൂടെ തങ്ങൾക്ക് മേൽ ചൈന ഉന്നയിക്കുന്ന അവകാശവാദം അംഗീകരിക്കാനാകില്ലെന്ന് തായ്‌വാനും പ്രതികരിച്ചു.
അരുണാചലിലെ 11 സ്ഥലങ്ങൾക്ക് ഇക്കഴിഞ്ഞ ഏപ്രിലിൽ ചൈന പുതിയ പേരുകൾ നിർദ്ദേശിച്ചതും വിവാദമായിരുന്നു. അരുണാചലിന്റെ ഭാഗങ്ങളെ ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്നാൻ എന്ന് വിശേഷിപ്പിച്ചാണ് ചൈന പുതിയ പേരുകൾ നൽകിയത്. അരുണാചലിൽ ചൈന ഇത്തരം ശ്രമം നടത്തുന്നത് ആദ്യമായല്ലെന്ന് ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രാലയം നടപടി പൂർണ്ണമായും തള്ളുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. 2017ൽ ആറും 2021ൽ 15ഉം സ്ഥലങ്ങളുടെ പേരുകൾ ചൈന മാറ്റിയിരുന്നു.
പിന്നാലെ, ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ആർക്കും പിടിച്ചെടുക്കാനാവില്ലെന്നും അതിശക്തരായ ഇന്ത്യൻ സൈന്യം കാവൽ നിൽക്കുമ്പോൾ അതിർത്തികൾ സുരക്ഷിതമാണെന്നും അരുണാചലിലെ അതിർത്തി ഗ്രാമമായ കിബിത്തുവിൽ വച്ച് കേന്ദ്ര മന്ത്രി അമിത് ഷാ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച നടന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായുള്ള രണ്ടു ദിവസത്തെ യോഗം മാർച്ചിൽ അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ഇന്ത്യ സംഘടിപ്പിച്ചത് ചൈനയ്ക്ക് തിരിച്ചടിയായി. യോഗത്തിൽ ചൈനീസ് പ്രതിനിധികൾ പങ്കെടുത്തില്ല. ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |