 
                 
                 
            
കോഴിക്കോട്: നിപ വൈറസ് വ്യാപന ശേഷി കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ പ്രവർത്തിക്കും. ജില്ലാ കളക്ടർ എ ഗീതയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു.
നിലവിലെ കണ്ടയിൻമെൻ്റ് സോണുകൾ - ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകൾ.
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• വിദ്യാർത്ഥികൾ ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണ്.
• വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
• വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ളാസ് റൂമുകളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്.
കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, അവിടെ എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണ്.
66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കി
പബ്ലിക് ഹെല്‍ത്ത് ലാബുകളുൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐ.സി.എം.ആർ മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും.
എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതത് ജില്ലയിലെ ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾ നടത്താൻ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങൾ സമർപ്പിക്കുവാൻ നിർദേശം നൽകി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുൻഗണനാ ക്രമത്തിൽ പരിശീലനം നൽകി ലാബുകൾ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കി.
ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ ഇന്ന് സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇൻഡക്‌സ് കേസിന്റെ സമ്പർക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗങ്ങൾ. മന്ത്രി ഓൺലൈനായി പങ്കെടുത്തു.
| 
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |