ന്യൂഡൽഹി : കാനഡയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നും പാകിസ്ഥാനിൽ ആയുധ പരിശീലനം നേടിയെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് .
നിജ്ജറിന്റെ വധത്തെ ചൊല്ലി ഇന്ത്യ - കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമായതിനിടെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്.
അതിനിടെ, നിജ്ജറിന്റെയും മറ്റൊരു ഖാലിസ്ഥാൻ ഭീകരനായ ഗുർപത്‌വന്ത് സിംഗ് പന്നുനിന്റെയും പഞ്ചാബിലെ സ്വത്തുക്കൾ ഇന്നലെ ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി.
1996ൽ വ്യാജപാസ്പോർട്ടിൽ കാനഡയിലേക്ക് രക്ഷപ്പെട്ട നിജ്ജർ അവിടെ നിന്നാണ് ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. സിഖ് സമൂഹത്തെ വിമർശിക്കുന്ന ദേരാ സച്ചാ സൗദ വിശ്വാസി സമൂഹത്തിന്റെ ഹരിയാനയിലെ സിർസയിലുള്ള ആസ്ഥാനം ആക്രമിക്കാൻ 2014ലാണ് പദ്ധതിയിട്ടത്. പക്ഷേ വിസ കിട്ടാത്തതിനാൽ നിജ്ജറിന് ഇന്ത്യയിൽ എത്താൻ കഴിഞ്ഞില്ല. പകരം ഖാലിസ്ഥാൻ ഭീകര മൊഡ്യൂളുകളെ ഉപയോഗിച്ച് പഞ്ചാബിൽ നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തി. ഇന്ത്യയിലെ ഭീകരപ്രവർത്തനത്തിന് ഇയാൾ ഫണ്ട് നൽകിയെന്നും കണ്ടെത്തി.
ട്രക്ക് ഡ്രൈവറായി തുടക്കം
രവി ശർമ്മ എന്ന കള്ളപ്പേരിലുള്ള പാസ്പോർട്ടുമായി നിജ്ജർ കാനഡയിൽ എത്തിയതുമുതലുള്ള വിവരങ്ങൾ ഇന്റലിജൻസ് പുറത്തുവിട്ടു.
ട്രക്ക് ഡ്രൈവറായാണ് തുടക്കം. 2012 മുതൽ പാകിസ്ഥാനിലെ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനും മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയന്ത് സിംഗിന്റെ ഘാതകനുമായ ജഗ്‌താർ സിംഗ് താരയുടെ കൂട്ടാളിയായി. 2012ൽ പാകിസ്ഥാനിൽ എത്തി. ഐ.എസ്. ഐ രണ്ടാഴ്ച ആയുധ പരിശീലനം നൽകി. ബോംബ് വിദഗ്ദ്ധനായി. പിന്നെ പല തവണ പാകിസ്ഥാനിൽ എത്തി. കാനഡയിൽ തിരിച്ചെത്തി ലഹരി, ആയുധക്കടത്ത് മാഫിയകളുമായി ചേർന്ന് ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തി. താരയ്ക്കൊപ്പം പഞ്ചാബിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു. കാനഡയിൽ ഒരു ഭീകരസംഘമുണ്ടാക്കി. അവർ 2015ൽ ബ്രിട്ടീഷ് കൊളംബിയയിൽ ആയുധ പരിശീലനം നേടി. പഞ്ചാബിലെ അധോലോക നായകൻ അർഷ് ദീപ് സിംഗ് ഗില്ലുമായി ചേർന്ന് ഭീകരാക്രമണ പദ്ധതി.
കാനഡയിലും ഇന്ത്യാവിരുദ്ധ പ്രവർത്തനം. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിൽ ഭീകരപരിശീലന കേന്ദ്രം നടത്തി. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ ഓപ്പറേഷനൽ ചീഫ് ആയി. സിഖ്സ് ഫോർ ജസ്റ്റിസിന്റെ കാനഡ ഘടകത്തിന്റെ അദ്ധ്യക്ഷനായി. പഞ്ചാബ് മുൻ ഡി.ജി.പി മുഹമ്മദ് ഇസ്ഹാർ ആലം, ശിവസേന നേതാവ് നിശാന്ത് ശർമ്മ, സന്യാസി മൻ സിംഗ് പെഹോവാ വാലെ എന്നിവരെ വധിക്കാൻ പദ്ധതിയിട്ടു
സ്വത്തുക്കൾ കണ്ടുകെട്ടി എൻ.ഐ.എ
നിജ്ജറിന്റെ ജലന്ധറിലെ വീട്ടിലെത്തിയ എൻ.ഐ.എ വസ്തുവകകൾ കണ്ടുകെട്ടാൻ നോട്ടീസ് പതിച്ചു. നിരോധിത ഖാലിസ്ഥാൻ സംഘടനയായ സിഖ്സ് ഫോർ ജസ്റ്രിസ് നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നുനിന്റെ അമൃത്‌സറിലെ കൃഷിഭൂമിയും ചണ്ഡീഗഡിലെ വീടുമാണ് കണ്ടുകെട്ടിയത്. 2022ൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |