കണ്ണൂർ: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ പിഴിയുമ്പോൾ കെ.എസ്.ഇ.ബിയ്ക്ക് നേരെ ഉയരുന്നത് ചോദ്യശരങ്ങൾ. വൈദ്യുതി ചാർജിനത്തിൽ കിട്ടാനുള്ള കോടികളുടെ കുടിശിക പിരിച്ചെടുത്തിരുന്നെങ്കിൽ നഷ്ടത്തിന്റെ ഭാരം നിരക്ക് വർദ്ധനയായി ജനത്തിനുമേൽ അടിച്ചേൽപ്പിക്കണമായിരുന്നോ എന്നതാണ് അതിൽ പ്രധാനം. പിരിച്ചെടുക്കാനുള്ള കോടികളുടെ കണക്ക് കേട്ടാൽ ആരുമൊന്ന് ഞെട്ടും. 2645.90 കോടി രൂപ! സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും ആശുപത്രികളും റിസോർട്ടുകളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ കുടിശിക വരുത്തിയവരുടെ കൂട്ടത്തിൽപെടും. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾ വൈദ്യുതി ചാർജ് അടയ്ക്കാൻ വൈകിയാൽ ഫീസ് ഊരാൻ തിടുക്കം കാട്ടുന്ന വൈദ്യുതി ബോർഡ് കുടിശിക വരുത്തിയ വമ്പൻ സ്ഥാപനങ്ങളിൽ നിന്ന് അവ പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വൈദ്യുതി വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടിനാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. യൂണിറ്റിന് 25 മുതൽ 40 പൈസാ വരെയാണ് വർദ്ധന വരുത്തിയത്.
ഹൈടെൻഷൻ വിഭാഗത്തിൽ മാത്രം 246 പേരിൽ നിന്നായി 1400 കോടിയോളം കുടിശിക പിരിച്ചെടുക്കാനുണ്ട്. ഈ പട്ടികയിൽ ആദ്യ 25 സ്ഥാപനങ്ങൾ പത്ത് കോടി രൂപയ്ക്ക് മുകളിലാണ് കുടിശിക വരുത്തിയത്. ഇതിൽ ഒന്നാം സ്ഥാനത്തുള്ള ബിനാനി സിങ്ക്സ് ലിമിറ്റഡ് വരുത്തിയത് 63.17 കോടിയുടെ കുടിശികയാണ്. വാട്ടർ അതോറിട്ടിയാണ് വൈദ്യുതി വകുപ്പിന് ഭീമമായ ബാദ്ധ്യത വരുത്തിയതിൽ മുന്നിൽ. 817.58 കോടിയിലധികമാണ് വാട്ടർ അതോറിട്ടി വരുത്തിയ കുടിശിക. കുടിശിക പട്ടികയിൽ മുൻനിരയിൽ 159 എണ്ണവും വാട്ടർ അതോറിട്ടിയുടെ വിവിധ സ്ഥലങ്ങളിലെ കണക്കുകളാണ്. മറ്റുചില സർക്കാർ സ്ഥാപനങ്ങളടക്കം വൻതുക കുടിശിക വരുത്തിയിട്ടുണ്ട്. ഇതെല്ലാം സമയബന്ധിതമായി പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |