ബംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് ജലം കൊടുക്കണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിനെതിരെ ബംഗളൂരുവിൽ 26ന് ബന്ദിന് ആഹ്വാനം ചെയ്തു. തമിഴ്നാടിന് 15 ദിവസത്തേയ്ക്ക് 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നൽകണമെന്ന് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് അധികജലം തമിഴ്നാടിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. തുടർനടപടികൾ 26ന് ശേഷം തീരുമാനിക്കുമെന്നും പ്രശ്നപരിഹാര ചർച്ചകൾക്ക് കേന്ദ്ര സർക്കാർ മദ്ധ്യസ്ഥത വഹിക്കാൻ തയാറാകണമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.
എന്നാൽ ജലം വിട്ടു നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കർഷക, കന്നഡ അനുകൂല സംഘടനകളാണ് ബന്ദ് നടത്തുന്നത്. പതിനഞ്ചോളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വൻ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും ഐടി കമ്പനികളും അവധി പ്രഖ്യാപിച്ച് സഹകരിക്കണമെന്ന് കർഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാർ ആവശ്യപ്പെട്ടു.
അതേസമയം, തമിഴ് സിനിമകളുടെ പ്രദർശനത്തിന് കർണാടകയിൽ വിലക്കേർപ്പെടുത്തണമെന്നും കന്നഡ അനുകൂലി സംഘടനയായ കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എംഎൽഎയുമായ വാട്ടാർ നാഗരാജ് ആവശ്യപ്പെട്ടു. കൂടാതെ മുൻകരുതൽ നടപടിയായി ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |