മമ്മൂട്ടിക്കൊപ്പം ചിത്രങ്ങൾ ഒരുക്കിയിരുന്നെങ്കിലും മലയാളത്തിലെ മറ്റൊരു സൂപ്പർതാരം മോഹൻലാൽ കെ.ജി. ജോർജിന്റെ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ഒരിക്കൽ മോഹൻലാൽ നായകനാകുന്ന ചിത്രം കെ.ജി. ജോർജ് സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന് വഴിയൊരുക്കിയതും മമ്മൂട്ടിയാണ്.
എഴുത്തുകാരൻ സി.വി.ബാലകൃഷ്ണന്റെ കാമമോഹിതം എന്ന പ്രശസ്ത നോവൽ കെ.ജി, ജോർജ് സിനിമയാക്കാൻ പദ്ധതിയിട്ടു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സംഭവം.
കെ.ജി. ജോർജിന്റെ യവനിക നിർമ്മിച്ച നിർമ്മാതാവ് ഹെൻട്രി ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നു. കെ.ജി. ജോർജ് തന്നെ ചിത്രം സംവിധാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. തുടർന്ന് കെ.ജി. ജോർജും സി.വി. ബാലകൃഷ്ണനും ചേർന്ന് നിരവധി കഥകൾ തിരഞ്ഞ് ഒടുവിൽ കാമമോഹിതം എന്ന നോവലിൽ എത്തിനിന്നു. ത്മിഴിൽ ഭരതൻ സംവിധാനം ചെയ്യുന്ന അഗ്നിപ്രവേശം എന്ന സിനിമ നിർമ്മിക്കുന്നതിനാൽ അത് കഴിഞ്ഞ് കാമമോഹിതം ചെയ്യാനായിരുന്നു ഹെൻട്രിയുടെ പ്ലാൻ . എന്നാൽ സംവിധായകനുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ സിനിമ നിറുത്തി വച്ചു. തുടർന്ന് ഐ.വി. ശശിയുടെ സംവിധാനത്തിൽ കോലങ്ങൾ എന്ന മറ്റൊരു സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
കാമമമോഹതത്തിലെ നായകനായ സാഗരദത്തനെന്ന കഥാപാത്രമായി മമ്മൂട്ടി ആയിരുന്നു കെ.ജി. ജോർജിന്റെ മന,സിൽ. ഇക്കാര്യം മമ്മൂട്ടിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ആ കഥാപാത്രം തന്നെക്കാൾ നന്നായി ചേരുന്നത് മോഹൻലാലിനെന്നാണ് മമ്മൂട്ടി കെ.ജി. ജോർജിനോട് പറഞ്ഞത്. മമ്മൂട്ടി തന്നെ ഇക്കാര്യം മോഹൻലാലിനോട് പറയുകയും ചെയ്തു. നോവലിലെ മറ്റൊരു കഥാപാത്രമായ ജാജലി മുനിയായി താൻ അഭിനയിക്കാമെന്നും മമ്മൂട്ടി ജോർജിനോട് പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നചിത്രം എന്ന നിലയിൽ കാമമോഹിതം വാർത്താപ്രാധാന്യവും നേടിയിരുന്നു.
എനനാൽ ആ സ്വപ്ന പദ്ധതി നടന്നില്ല. ഹെൻട്രി നിർമ്മിച്ച കോലങ്ങൾ പരാജയമാവുകയും വൻസാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തതോടെ കാമമോഹിതത്തിൽ നിന്ന് ഹെൻട്രി പിൻമാറി. അതോടെ അക്കാലത്ത് രണ്ട് കോടിയിലേറെ ചെലവ് വരുന്ന ചിത്രത്തിന് നിർമ്മാതാക്കളെ കണ്ടെത്താൻ കഴിയാതായി അങ്ങനെ സിനിമ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് മോഹൻലാൽ സിനിമ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കാലാപാനി എന്ന സിനിമ പരാജയപ്പെട്ടതോടെ മോഹൻലാലും പിൻമാറുകയായിരുന്നു,.
ഇടക്കാലത്ത് ഹരിഹർപ്രസാദ് എന്ന സംവിധായകൻ മോഹൻലാലിനെ നായകനാക്കി സംസ്കൃതത്തിലും മലയാളത്തിലും സിനിമ ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. സാഗരദത്തനായും ജാജലി മഹർഷിയായും മോഹൻലാലിനെ ഇരട്ടവേഷത്തിൽ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ആ പ്രോജക്ടും മുന്നോട്ടുപോയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |