ആലപ്പുഴ: വിവാഹത്തിനും മറ്റും കൊട്ടും കുരവയുമായി മോതിരം അണിയിക്കുമ്പോൾ, മറുവശത്ത് പതിനെട്ട് അടവുമായി മോതിരം ഊരുന്നൊരു വിഭാഗമുണ്ട് കേരള ഫയർഫോഴ്സിൽ.
ഊരിയെടുത്ത മോതിരങ്ങളുടെ വലിയൊരു ശേഖരം കേരളത്തിലെ 129 ഫയർ സ്റ്റേഷനുകളിലുണ്ട്. എല്ലാ മാസവും അഞ്ചിലധികം കേസുകളുണ്ടാവും. അധികവും ആശുപത്രിയിൽ നിന്നുള്ള വിളികളാവും. ചിലർ നേരിട്ട് അഗ്നിരക്ഷാഓഫീസിലെത്തും. നേരിയ നീർക്കെട്ട് മാത്രമുള്ള വിരലുകളിൽ നിന്ന് ടൊയിൻ നൂൽ ഉപയോഗിച്ച് മോതിരം ഊരിയെടുക്കുന്നതാണ് എളുപ്പമാർഗം. നൂല് കയറ്റാൻ പോലും വിടവ് കിട്ടാത്ത സാഹചര്യങ്ങളിൽ അരവും വിവിധയിനം കട്ടറുകളും ഉപയോഗിച്ച് മോതിരം മുറിച്ചെടുക്കുകയാണ് പതിവ്. മോതിരക്കേസുകൾ വർദ്ധിച്ചതോടെ ഒന്നര വർഷം മുമ്പ് എല്ലാ ഫയർ സ്റ്റേഷനുകൾക്കും ചെറിയ ടൂൾ കിറ്റ് അനുവദിച്ചിരുന്നു. വയർ സ്ട്രിപ്പ് മുതൽ കട്ടറും കത്രികയുമെല്ലാം
ഇതിലുണ്ട്.
ഒന്നര വയസുകാരന്റെ
നിലവിളിയിൽ പിറന്ന കിറ്റ്
ഇഢലിത്തട്ടിലെ വിടവിൽ വിരൽ കുടുങ്ങിയ ഒന്നരവയസുകാരന്റെ ദയനീയമായ നിലവിളി നൊമ്പരമായി മാറിയപ്പോൾ, അന്ന് ഫയർമാനായിരുന്ന തിരുവനന്തപുരം സ്വദേശി ഷഫീക്ക് അലി ഖാൻ ടൂൾ കിറ്റ് നിർമ്മിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു.
2012ൽ തലസ്ഥാനത്തെ ചാക്ക സ്റ്റേഷനിൽ ഫയർമാനായിരിക്കെയാണ് കുഞ്ഞിന്റെ വിരൽ ഇഢലിത്തട്ടിലെ തുളയിൽ കുടുങ്ങിയതായി ഫോൺ കാൾ എത്തിയത്. മണിക്കൂറുകൾ വേണ്ടിവന്നു വിരൽ ഊരി മാറ്റാൻ. വിവിധയിനം കട്ടറുകളും അരവും ഉപയോഗിച്ച് തട്ട് മുറിച്ച് മാറ്റിയപ്പോഴേക്കും കുഞ്ഞു വിരലിൽ നിന്ന് രക്തം ഒഴുകിത്തുടങ്ങിയിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾക്കും അതൊരു സങ്കടമായി.
സ്വർണപ്പണിക്കാർ ഡിസൈൻ നൽകാനുപയോഗിക്കുന്ന മോട്ടോർ 2500 രൂപയ്ക്ക് വാങ്ങിയാണ് ആദ്യ കട്ടർ നിർമ്മിച്ചത്. മോട്ടോർ ചൂടാകുന്നതോടെ പ്രവർത്തനം നിലയ്ക്കുമെന്ന് കണ്ടപ്പോൾ ഉദ്യമം അവസാനിപ്പിച്ച് ഇന്റർനെറ്റിൽ പരതി. ഓൺലൈൻ വഴി 775 ഡി.സി മോട്ടോർ, അഡാപ്റ്റർ, കണക്ടർ, ഡ്രില്ലിന് മുന്നിൽ സ്ഥാപിക്കുന്ന ചക്ക് തുടങ്ങിയവ വാങ്ങി സ്വയം കൂട്ടിയോജിപ്പിച്ചു. 2013ൽ ആദ്യം റിംഗ് കട്ടർ തയ്യാറാക്കി. ഇതേ കട്ടർ ഇന്നും ചാക്ക ഫയർ സ്റ്റേഷനിൽ ഉപയോഗിച്ചുവരുന്നു. പതിനൊന്ന് വർഷത്തിനിടെ പലവട്ടം പരിഷ്കരിച്ച് ഷെഫീക്ക് നിർമ്മിച്ച 16 റിംഗ് കട്ടറുകൾ കേരളത്തിലെ പതിനാറ് ഫയർ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്.
നിലവിൽ തൃശൂർ ചാലക്കുടി അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ റെസ്ക്യു ഓഫീസറാണ് തിരുവനന്തപുരം സ്വദേശി ഷഫീക്ക് അലി ഖാൻ.
# കുടുങ്ങുന്നവയിൽ അധികവും സ്റ്റെയിൻലെസ് മോതിരങ്ങൾ
#സുരക്ഷിതമായി ഊരിയെടുത്തില്ലെങ്കിൽ വിരലിന് സ്വാധീനക്കുറവുണ്ടാകാം
# മുറിവേറ്റാൽ പ്ലാസ്റ്റിക്ക് സർജറിവരെ വേണ്ടിവരും
`അപകടങ്ങളിൽപ്പെട്ടും നീരുവച്ചും ധാരാളം പേരാണ് ഓരോ മാസവും മോതിരം ഊരാൻ സമീപിക്കുന്നത്. വേദനരഹിതമായി മോതിരം ഊരുന്നത് വെല്ലുവിളിയാണ്
എസ്.പ്രസാദ്,
സ്റ്റേഷൻ ഓഫീസർ, ആലപ്പുഴ അഗ്നിരക്ഷാനിലയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |