ഇന്ത്യ കണ്ട ഏറ്റവും നല്ല ഫിലിംമേക്കേഴ്സിൽ ഒരാളാണ് ജോർജ് സാർ. അദ്ദേഹത്തിന്റെ ഉൾക്കടലിലും യവനികയിലും അഭിനയിക്കാൻ കഴിഞ്ഞത് എന്റെ കരിയറിലെ വലിയ ഭാഗ്യമായി കാണുന്നു. ഉൾക്കടലിൽ ഞാൻ സഹതാരമാണ്. യവനികയിൽ നായികയും. മിതഭാഷിയും ശാന്തനുമായ സംവിധായകനായിരുന്നു കെ.ജി. ജോർജ് സർ. ടേക്ക് പോകുന്നതിനു മുമ്പായി ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. നമ്മൾ അഭിനയിക്കുന്നത് ശ്രദ്ധയോടെ നോക്കിനിൽക്കും. റീടേക്ക് വേണമെങ്കിൽ എന്തിന്, എന്തുകൊണ്ട് എന്നാെക്കെ പറഞ്ഞുതരും. എല്ലാ അഭിനേതാക്കളെയും ഒരുപോലെ കാണുന്ന സാറിന്റെ സെറ്റുകളിൽ ആരും തമ്മിൽ അന്തരമില്ല.
കഥാപാത്രങ്ങൾക്കനുസരിച്ചാണ് ജോർജ് സാർ അഭിനേതാക്കളെ തെരഞ്ഞെടുത്തിരുന്നത്. അഭിനേതാക്കൾക്കു വേണ്ടി ഒരിക്കലും കഥാപാത്രങ്ങളെ സൃഷ്ടിച്ചില്ല. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേറിട്ടു നിൽക്കുന്നതും പ്രേക്ഷകർ അതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതും. അനാവശ്യമെന്നു തോന്നുന്ന ഒരു കഥാപാത്രത്തെപ്പോലും ആ സിനമകളിൽ നമുക്കു കാണാനാവില്ല.
സാറിന്റെ സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടി ഏറ്റവും മനോഹരമാണ്. പൊതുബോധത്തെ പൊളിച്ചടുക്കിയ സ്ത്രീകളാണ് അവർ. യവനികയിലെ അമ്മു (അമ്മുവിന്റെ സഹോദരിയായ രോഹിണി ആയിട്ടായിരുന്നു യവനികയിൽ എന്റെ റോൾ) അത്തരം കഥാപാത്രമായിരുന്നു. തബലിസ്റ്റ് അയ്യപ്പനാൽ പീഡിപ്പിക്കപ്പെട്ട് അയാളുടെ ഭാര്യയായി കഴിയേണ്ടിവരുന്ന അമ്മു, ജോസഫിന്റെ സഹായത്തോടെ ആയാളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ്. സ്ത്രീകഥാപാത്രങ്ങളെ ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങളായി മഹത്വവത്കരിക്കുന്ന പൊതുബോധത്തെ തച്ചുടയ്ക്കുന്നവയായിരുന്നു അവ. സ്ത്രീ ദേവതയല്ലെന്നും മജ്ജയും മാംസവുമുള്ളവളാണെന്നും അദ്ദേഹം കാണിച്ചുതന്നു. യവനികയിലെ രോഹിണി ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്.
സീമച്ചേച്ചി, മമ്മൂക്ക, ഉർവ്വശി, കരമന ജനാർദ്ദനൻ ചേട്ടൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരാൾ എന്ന ചിത്രവും അദ്ദേഹത്തിന്റെ വിപ്ലവകരമായ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളെ ഇപ്പോഴും പുനർവായിക്കുമ്പോൾ അത്ഭുതം തോന്നും. 'ഉൾക്കടലി'ൽ സൂസൻ എന്ന പെൺകുട്ടിയെയാണ് ഞാൻ അവതരിപ്പിച്ചത്. ഞാനും ശോഭയും രതീഷേട്ടനും വേണുനാഗവള്ളി ചേട്ടനും എല്ലാവരും നന്നായി ആസ്വദിച്ചു ചെയ്ത സിനിമയായിരുന്നു അത്. ഞാനും ശോഭയും നല്ല സുഹൃത്തുക്കളാകുന്നത് ഉൾക്കടലിന്റെ സെറ്റിൽ വച്ചാണ്. ഷൂട്ടിംഗ് തീർന്നപ്പോൾ ഒരുപാട് സങ്കടത്തോടെയാണ് ഞങ്ങളെല്ലാം പിരിഞ്ഞത്.
ഈയിടെ ഞാൻ ഫഹദ് ഫാസിലിന്റെ മാലിക് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഞാൻ സിനിമയിൽ മടങ്ങിയെത്തിയത്. സെറ്റിലെത്തിയപ്പോൾ നടി നിമിഷ സജയൻ ആദ്യം സംസാരിച്ചത് യവനികയിലെ രോഹിണിയെക്കുറിച്ചാണ്. ഞാൻ ഫ്ളാറ്റിലാണ് താമസിക്കുന്നത്. വൈകുന്നേരങ്ങളിൽ അവിടെ താമസിക്കുന്ന സുഹൃത്തുക്കൾപ്പൊപ്പം നടക്കാനും സംസാരിക്കാനുമൊക്കെ പോകും. ആ ചർച്ചകളിലും യവനികയും ഉൾക്കടലുമൊക്കെ എങ്ങനെയോ കടന്നുവരും. എന്നെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന കാര്യങ്ങളാണ് അതൊക്കെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |