വാഷിംഗ്ടൺ: 1988ൽ പുറത്തിറങ്ങിയ 'ചൈൽഡ്സ് പ്ലേ' എന്ന ഹൊറർ ചിത്രം കണ്ടവർക്കാർക്കും അതിലെ പ്രേതപ്പാവയായ ' ചക്കി'യെ മറക്കാനാകില്ല. 'ചൈൽഡ്സ് പ്ലേ' പരമ്പരയിലെ ആദ്യ ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത ചക്കി, കൺജറിംഗ് സിനിമകളിലെ ' അനബെൽ' പാവയെക്കാൾ ഭീകരമാണെന്ന് പറയുന്നതിലും തെറ്റില്ല.
സിനിമയിൽ, സീരിയൽ കില്ലറിന്റെ ആത്മാവ് പ്രവേശിച്ച പാവയാണ് ചക്കി. കാഴ്ചയിൽ തന്നെ ഭീതി തോന്നുന്ന രൂപം. ചക്കി പ്രേതപ്പാവയാണെന്ന് അറിയാതെ ഒരമ്മ തന്റെ മകന് അതിനെ സമ്മാനിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച 'ചൈൽഡ്സ് പ്ലേ' ഏക്കാലത്തെയും മികച്ച ഹൊറർ സിനിമകളിലൊന്നാണ്.
ഇപ്പോഴിതാ ഒരു മെക്സിക്കൻ നഗരത്തിൽ കത്തിയുമായി ആളുകളെ ഭയപ്പെടുത്തിയ ചക്കിപ്പാവയെ പൊലീസ് കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. ചൈൽഡ്സ് പ്ലേയിലെ പ്രേതപ്പാവയുടെ പകർപ്പായ ഇതിനെ നിയന്ത്രിച്ചിരുന്നത് കാർലോസ് എന്ന പാവകളിക്കാരനായിരുന്നു. ചക്കി പാവയിൽ ഘടിപ്പിച്ച കത്തി വീശി ആളുകളെ ഭയപ്പെടുത്തി പണം തട്ടിയ കേസിൽ കാർലോസ് അറസ്റ്റിലായിരിക്കുകയാണ്. വടക്കൻ സംസ്ഥാനമായ കോവീലയിലെ മോൺക്ലോവ പട്ടണത്തെയാണ് കാർലോസും ചക്കിപ്പാവയും ചേർന്ന് വിറപ്പിച്ചത്. കാർലോസ് മയക്കുമരുന്നിന് അടിമയായിരുന്നു.
ചക്കി പാവയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്ത പാവയുടെ ചിത്രങ്ങൾ വൈറലാണ്. ക്രിമിനൽ കേസ് നടപടികളുടെ ഭാഗമായി കാർലോസിനൊപ്പം ചക്കിയുടെയും ചിത്രം ( മഗ്ഷോട്ട് ) പൊലീസ് പകർത്തി. എന്നാൽ പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് പൊലീസുകാർ പാവയ്ക്ക് വിലങ്ങണിയിച്ച് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് നിറുത്തിയതെന്ന ആരോപണവും ഉണ്ട്. ഇതിനെതിരെ പൊലീസ് വകുപ്പ് രംഗത്തെത്തി. ചക്കിയ്ക്ക് വിലങ്ങണിയിച്ച പൊലീസുകാർക്ക് താക്കീത് നൽകിയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |