പാലക്കാട്: ജില്ലയിൽ എ.ഐ കാമറകൾ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങൾ. ജൂൺ 5 മുതൽ ഈ മാസം 18 വരെയുള്ള കണക്കാണിത്. ആകെ കേസുകളിൽ നിന്നായി മോട്ടോർവാഹന വകുപ്പ് 2.68 കോടി രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇതിൽ 9,165 പേർ പിഴ അടച്ചു കേസ് ഒഴിവാക്കി. 57,828 പേരിൽ നിന്നായി ഇനി 2.20 കോടി രൂപ ലഭിക്കാനുണ്ട്. 48 കാമറകളാണു ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്.
പിഴയടച്ചില്ലെങ്കിൽ സേവനം ലഭിക്കില്ല
ആഗസ്റ്റിൽ പിഴ ലഭിച്ചവരിൽ പലരും അടച്ചുതീർത്തിട്ടുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിലെ ഒട്ടേറെ കേസുകളിൽ പലരും പിഴയടച്ചിട്ടില്ല. സമയം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവർക്ക് വീണ്ടും എസ്.എം.എസ് അയയ്ക്കും. ഇതിനു ശേഷവും പിഴ അടച്ചില്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ മോട്ടർവാഹന വകുപ്പിൽ നിന്നു ലഭിക്കില്ല. തുടർച്ചയായ നിയമലംഘനങ്ങളുണ്ടായാൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ നൂറിലേറെ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതലും ഇരുചക്ര വാഹനങ്ങളാണെന്ന് അധികൃതർ പറഞ്ഞു.
പോസ്റ്റൽ വകുപ്പിന് വരുമാനം 4,36,104 രൂപ
എ.ഐ കാമറ പ്രവർത്തിച്ചു തുടങ്ങിയ ജൂൺ 5 മുതലാണു നിയമലംഘനം കണ്ടെത്തിയവർക്കു തപാൽ വഴി നോട്ടീസ് അയച്ചു തുടങ്ങിയത്. ഒരു ഇടപാടിന് 6.50 രൂപയാണു തപാൽ വകുപ്പ് ഈടാക്കുന്നത്. ഇതുവരെ 67,093 പേർക്കു നോട്ടിസ് അയച്ചു. വരുമാനം 4,36,104 രൂപ. കാമറ പ്രവർത്തനം തുടങ്ങിയ ജൂൺ, ജൂലായ് മാസങ്ങളിലാണ് കൂടുതൽ നോട്ടീസയച്ചത്.
അപകടങ്ങൾ കുറഞ്ഞു
അപകടങ്ങൾ കുറഞ്ഞതായി മോട്ടർവാഹന വകുപ്പിന്റെ കണക്ക്. ജൂൺ മുതൽ ഇതുവരെ ജില്ലയിൽ 93 പേരാണു മരിച്ചത്. ഗുരുതര പരുക്കേറ്റവർ 101. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 132 പേർ മരിച്ചു. 153 പേർക്കു ഗുരുതര പരിക്കേറ്റു. എ.ഐ കാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും അതിനു പരിസരത്തും അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നും മോട്ടർവാഹന വകുപ്പ് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |