സാമ്പത്തിക പ്രതിസന്ധിയിലും 120ലേറെ ഡെപ്യൂട്ടേഷനുകൾ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥാനക്കയറ്റം സർക്കാർ നിയന്ത്രിച്ചപ്പോൾ, ഡെപ്യൂട്ടേഷൻ പഴുതുണ്ടാക്കി ഉദ്യോഗസ്ഥലോബി അതിനെ അട്ടിമറിച്ചു. ഉന്നത പദവിയിലുള്ള ഒരാളെ ഡെപ്യൂട്ടേഷനിൽ മറ്റൊരിടത്തേക്ക് മാറ്റിയാൽ ആസ്ഥാനത്തേക്ക് ഒരാൾ പ്രമോഷൻ നേടും. പിന്നാലെ എല്ലാ താഴേത്തട്ടിലുമുള്ള ഓരോരുത്തർക്ക് വീതംപ്രമോഷൻ. ഒരൊഴിവിലൂടെ താഴെയുള്ള പത്തിലേറെ തസ്തികകളിലാണ് പ്രൊമോഷനുകൾ ഒപ്പിക്കുന്നത്. ധനവകുപ്പിന്റെ മുൻകൂർ അനുമതിയിൽനിന്നും ഇത് മുക്തമാവും. ഇതോടെ സർക്കാർ കൊണ്ടുവന്ന നിയന്ത്രണം അപ്പാടെ പൊളിയുന്ന നിലയിലായി. ഡെപ്യൂട്ടഷൻ ചട്ടങ്ങൾ പാലിക്കാതെയാണ് മിക്കതും നടന്നത്. രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ 120ലേറെ ഡെപ്യൂട്ടേഷൻ ഉണ്ടായി. ആനുപാതികമായി താഴേത്തട്ടുകളിൽ നടത്തിയ പ്രമോഷനുകളുടെ മൊത്തം എണ്ണം ആയിരത്തിലേറെ വരും. മിക്ക വകുപ്പകളിലും ഇത്തരത്തിൽ സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഭരണപക്ഷത്തോട് അടുത്തുനിൽക്കുന്നവരുടെ താത്പരയം സംരക്ഷിക്കാനാണ് കുറുക്കുവഴി തേടുന്നത്.
മൂന്നു മാസത്തേക്ക് ആരെങ്കിലും അവധിയെടുത്താൽപ്പോലും പ്രൊമോഷൻ നടത്തരുതെന്നാണ് സർക്കാർ ഉത്തരവ്. പുനർ വിന്യാസത്തിലൂടെ തസ്തികകളും സ്ഥാനക്കയറ്റവും കുറയ്ക്കാനാണ് ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ. അതെല്ലാം അട്ടിമറിക്കുന്ന നീക്കമാണ് സമാന്തരമായി നടക്കുന്നത്.
#അഞ്ച് അഡി.ലേബർ കമ്മിഷണർമാർ
തൊഴിൽ ഭവനിലെ നോൺ ഐ.എ.എസ്.കേഡറിലെ ഏറ്റവും ഉയർന്ന തസ്തികയാണ് അഡിഷണൽ ലേബർ കമ്മിഷണറുടേത്. ഇൻഡസ്ട്രിയൽ റിലേഷൻ,വെൽഫയർ,എൻഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്ന് അഡിഷണൽ ലേബർ കമ്മിഷണർമാർ വരെയാകാം. രണ്ടു പേരെ തയ്യൽ തൊഴിലാളി,
അസംഘടിത തൊഴിലാളി ക്ഷേമനിധികളിലേക്ക് ഡെപ്യൂട്ടേഷനിൽ വിട്ടശേഷം രണ്ട് ജോയിന്റ് കമ്മിഷണർമാർക്ക് പ്രൊമോഷൻ നൽകി.അതോടെ
അഞ്ച് അഡിഷണൽ ലേബർ കമ്മിഷണർമാരായി.ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് ശമ്പളം.
തയ്യൽ തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോയിന്റ് കമ്മിഷണർ,ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ളവരെയാണ് നിയമിക്കുക.ആ സ്ഥാനത്താണ് അഡിഷണൽ ലേബർ കമ്മിഷണർമാരെ ഡെപ്യൂട്ടേഷനിൽ വിട്ടത്. പട്ടികജാതിയിലെയും പട്ടികവർഗ്ഗത്തിലെയും ഓരോ വനിതാ ഓഫീസർമാരെയാണ് അവരുടെ സമ്മതമില്ലാതെ ഡെപ്യൂട്ടേഷനിൽ വിട്ടത്.താഴ്ന്ന കേഡറിലുള്ളവരുടെ തസ്തികളിലേക്ക് മാറ്റിയതിൽപ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. വനിതകൾക്ക് പ്രത്യേകിച്ച് പട്ടിക വിഭാഗക്കാർക്കെതിരായ ഇത്തരം നടപടികൾ ചട്ട വിരുദ്ധമാണ്. അസിസ്റ്റന്റ് ലേബർ ഓഫീസർ വരെയുള്ളവർക്ക് ഇതിലൂടെ പ്രൊമോഷൻ
തരപ്പെട്ടു.
അപേക്ഷ ക്ഷണിക്കില്ല,
സമ്മതം തേടില്ല
1. ഡെപ്യൂട്ടേഷൻ ഒഴിവുണ്ടായാൽ പി.എസ്.സിയുടെ അനുമതിയോടെ അപേക്ഷ ക്ഷണിക്കണം. താല്പര്യമുള്ളവർ മേലധികാരിയുടെ സമ്മതത്തോടെ അപേക്ഷിക്കുകയും വേണം. സമ്മതം ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഡെപ്യൂട്ടേഷനിൽ വിടാൻ പാടില്ല.
2.ഒരു സ്ഥലംമാറ്റം നൽകുന്ന തരത്തിൽ ഡെപ്യൂട്ടേഷൻ ഉത്തരവ് നൽകും. അപേക്ഷ ക്ഷണിക്കുകയോ സമ്മതം വാങ്ങുകയോ ചെയ്യില്ല. ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന ഒഴിവിലേക്ക് ആദ്യസ്ഥാനക്കയറ്റം. പിന്നാലെ താഴേത്തട്ടുകളിലും പ്രമോഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |