ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ യാത്രക്കാർക്ക് ഇനി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓരോ സ്റ്റേഷനിൽ നിന്നുമുള്ള ബോട്ടുകളുടെ സമയവിവരം, ലൈവ് ലൊക്കേഷൻ തുടങ്ങിയ സേവനങ്ങളും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പിൽ ലഭ്യമാകും. നൂതന ആൻഡ്രോയ്ഡ് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ മുഴുവൻ ബോട്ടുകളിലും ലഭ്യമാക്കും. കാലപ്പഴക്കം ചെന്ന വെൻഡിംഗ് മെഷീനുകൾ ടിക്കറ്റ് വിതരണത്തിനുണ്ടാക്കുന്ന കാലതാമസം കണക്കിലെടുത്ത്, ബോട്ടുകളെ യാത്രാ സൗഹൃദമാക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിഷ്കാരം. ഇതിനായി 2.3 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഓപ്പൺ ടെൻഡർ വഴി യോഗ്യരായ കമ്പനിയെ ആപ്പുണ്ടാക്കാനും ടിക്കറ്റ് വെൻഡിംഗ് മെഷീൻ ലഭ്യമാക്കാനും നിയോഗിക്കും. കെ.എസ്.ആർ.ടി.സിയിലെ ചലോ ആപ്പും ട്രാവൽ കാർഡും യാത്രക്കാർ സ്വീകരിച്ചതിന് പിന്നാലെയാണ് ജലഗതാഗത വകുപ്പിലും പുതിയ പരിഷ്കാരം. 2026 മാർച്ച് 31ന് മുമ്പ് പദ്ധതി നടപ്പാക്കും.
വാട്ടർ ട്രാൻസ്പോർട്ട്
നിലവിൽ വന്നത്.........1968
ആസ്ഥാനം.................ആലപ്പുഴ
സ്റ്റേഷൻ ഓഫീസുകൾ........14
ബോട്ടുകൾ.......................80
ബോട്ട് സ്റ്റേഷനുകൾ
ആലപ്പുഴ, മുഹമ്മ, പാണാവള്ളി, വൈക്കം, എടത്വ, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചങ്ങനാശേരി, കോട്ടയം, കൊല്ലം, പൂച്ചാക്കൽ, എറണാകുളം, പറശിനിക്കടവ്.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പും ആൻഡ്രോയ്ഡ് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും ജലഗതാഗത വകുപ്പിനെ കാലോചിതമായി പരിഷ്കരിക്കുന്നതിനൊപ്പം യാത്രാസൗഹൃദമാക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമാണ്. അടുത്ത മാർച്ച് 30നകം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
- ഷാജി വി.നായർ, ഡയറക്ടർ, വാട്ടർ ട്രാൻസ്പോർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |