കോഴിക്കോട് : 'മാലിന്യ മുക്തം നവ കേരളം' കാമ്പയിന്റെ രണ്ടാം ഘട്ട ആക്ഷൻ പ്ലാനിന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ അംഗീകാരം. ഒക്ടോബർ ഒന്നിന് പ്രവർത്തനങ്ങൾ ആരംഭിക്കും. 2024 ജനുവരി 26 വരെ വിവിധ പ്രവർത്തനങ്ങൾ നടക്കും. 17 ഇന കർമ്മപരിപാടികളാണ് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 1,2 തിയതികളിൽ കോർപ്പറേഷൻ പരിധിയിലെ റോഡുകൾ, പൊതുഇടങ്ങൾ, പൊതുവഴികൾ, ജലാശയങ്ങൾ സർക്കാർ സ്ഥാപനങ്ങൾ സ്‌കൂളുകൾ മുതലായവ ശുചീകരിക്കും. ഇവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ ജനകീയ ഇടപെടലുകൾ സാദ്ധ്യമാക്കും.
കോർപ്പറേഷൻ തല ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കും. ഒരു വാർഡിൽ നിന്ന് 500 പേരെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. റസിഡന്റ്‌സ് അസോസിയേഷൻ, കുടുംബശ്രീ, യുവജന സംഘടനകൾ, പെൻഷനേഴ്‌സ് അസോസിയേഷൻ, ക്ലബുകൾ എന്നിവയുടെ സഹായം തേടും. കോർപ്പറേഷനിൽ 750 അംഗങ്ങളുള്ള ഗ്രീൻ ഹണ്ടേഴ്‌സിന് രൂപം നൽകും.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്‌കരണം പൂർണമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇത്തരം സ്ഥാപനങ്ങൾക്ക് ഹരിത വിദ്യാലയം പ്രഖ്യാപനം, ശുചിത്വ വിദ്യാലയ പ്രഖ്യാപനം, സർട്ടിഫിക്കറ്റ് നൽകൽ, ഹരിത സർട്ടിഫിക്കറ്റ് ആന്റ് ഗ്രേഡിംഗ് എന്നിവ നൽകും.
വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ശുചിത്വ കേന്ദ്രങ്ങളാക്കി മാറ്റും. ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്തു ജലാശയങ്ങൾ വീണ്ടെടുക്കും. നിലവിലെ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം കൂടുതൽ പ്രവർത്തനക്ഷമമാക്കും. മാലിന്യമുക്ത വാർഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഹരിത വാർഡ് സഭകൾ രൂപീകരിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ആവശ്യമായ ഇടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുകയും വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്യും. ഹരിതകർമ്മ സേനാംങ്ങളുടെ സുരക്ഷ, വരുമാനം എന്നിവ ഉറപ്പുവരുത്തും. ഹരിതമിത്രം ആപ്പ് പൂർണമായ രീതിയിൽ നടപ്പാക്കും. കൗൺസിൽ യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പ്രസംഗിച്ചു. സെക്രട്ടറി കെ.യു.ബിനി പദ്ധതികൾ വിശദീകരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ എന്നിവരും യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ..സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻകോയ, ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ്, ടി. റനീഷ്, പി.കെ. നാസർ, ഒ. സദാശിവൻ, സി.എം. ജംഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |