ന്യൂഡൽഹി: വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കോൺഗ്രസ് നേതാക്കൾക്ക് പാവപ്പെട്ടവന്റെ ജീവിതം അറിയില്ലെന്നും, വീണ്ടും അധികാരത്തിലെത്തിയാൽ മധ്യപ്രദേശിനെ അവർ രോഗാതുരമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ.പി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് സാഹസിക വിനോദ സഞ്ചാരമാണ്.കോൺഗ്രസ് ഒരു കുടുംബത്തെ മാത്രം പ്രകീർത്തിക്കുന്ന പാർട്ടിയാണ്. അവർ ഇന്ത്യയിലെ അഴിമതി നിറഞ്ഞ വ്യവസ്ഥയെ പോഷിപ്പിക്കുന്ന തിരക്കിലാണ്. മഴ നനഞ്ഞാൽ തുരുമ്പെടുത്ത ഇരുമ്പ് പോലെയാണ് കോൺഗ്രസ്. ദേശീയ താൽപര്യം കാണാനോ മനസ്സിലാക്കാനോ കഴിവില്ല.
വികസന പ്രവർത്തനങ്ങൾ കോൺഗ്രസിന് ദഹിക്കില്ല. രാജ്യം വികസിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാൽ നേട്ടങ്ങളിൽ അവർ അഭിമാനിക്കുന്നില്ല. ലോകം അംഗീകരിച്ച ഡിജിറ്റൽ പണമിടപാടിനെ എതിർത്തവരാണ്. അവർക്ക് പാവപ്പെട്ടവരുടെ കോളനികൾ വീഡിയോ ഷൂട്ടിംഗ് ചിത്രീകരണത്തിനുള്ള ലൊക്കേഷനായി മാറി. ദ്രൗപതി മുർമു രാജ്യത്തെ ആദ്യ ഗോത്രവർഗക്കാരിയായ പ്രസിഡന്റാകുന്നത് പരമാവധി തടയാൻ ശ്രമിക്കുകയും നിരവധി തവണ അപമാനിക്കാൻ ശ്രമിക്കുകയും ചെയ‌്ത പാർട്ടി , സായുധ സേനയിൽ വനിതകളുടെ പ്രവേശനം തടഞ്ഞവരാണ്-മോദി പറഞ്ഞു..
രാജസ്ഥാൻ സർക്കാരിന് പൂജ്യം മാർക്ക്
അശോക് ഗെലോട്ടിന്റെ കോൺഗ്രസ് സർക്കാർ രാജസ്ഥാന്റെ അഞ്ച് സുപ്രധാന വർഷങ്ങൾ പാഴാക്കിയെന്നും ഭരണത്തിൽ പൂജ്യം മാർക്കാണ് നേടിയതെന്നും പ്രധാനമന്ത്രി ജയ്‌പൂരിൽ നടന്ന ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചു. വനിതാ സംവരണ നിയമം അടക്കം ബി.ജെ.പിയുടെ നേട്ടമായി അദ്ദേഹം ഉയർത്തിക്കാട്ടി.
രാജസ്ഥാനിലാ കോൺഗ്രസ് സർക്കാരിനെതിരെ ജനരോഷമുണ്ട്. അവർ യുവാക്കളെ കബളിപ്പിക്കുകയാണ്. കടലാസ് മാഫിയക്ക് സുരക്ഷയൊരുക്കുന്നു. കുറ്റവാളികൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ബി.ജെ.പി വന്നാൽ ഈ മാഫിയകൾക്കെതിരെ കർശന നടപടിയെടുക്കും. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിനെ പുറത്താക്കണം. കോൺഗ്രസ് പുറത്താക്കിയ രാജേന്ദ്ര സിംഗ് ഗുധ വെളിപ്പെടുത്തിയ അഴിമതി വിവരങ്ങൾ അടങ്ങിയ ചുവന്ന ഡയറിയുടെ കാര്യവും മോദി പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |