പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ്, കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് വയർ കീറിയതിനുശേഷം. ഒരുമീറ്ററോളം ആഴത്തിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും പാലക്കാട് എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ സതീഷിന്റെയും ഷിജിത്തിന്റേതുമാണെന്ന് തിരിച്ചറിഞ്ഞെന്നും പന്നിക്ക് വച്ചിരുന്ന വൈദ്യുത കെണിയാണ് യുവാക്കളുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സ്ഥലമുടമ അനന്തനെ ചോദ്യംചെയ്തുവരികയാണ്. ഇയാളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
തിങ്കളാഴ്ച രാവിലെയാണ് യുവാക്കളെ പാടത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ സ്ഥലമുടമ കണ്ടെത്തിയത്. തുടർന്ന് അന്ന് രാത്രി മൃതദേഹങ്ങൾ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. ഇന്നുരാവിലെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒന്നിന് മുകളിൽ ഒന്നായി കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
ഞായറാഴ്‌ച രാത്രി കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസിൽ സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാലുപേലും കരിങ്കരപ്പുള്ളിയിലുള്ള സതീഷിന്റെ ബന്ധുവീട്ടിലെത്തി. പൊലീസ് സ്ഥലത്തെത്തിയെന്ന് ഭയന്ന് ഇന്നലെ തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ ബന്ധുവീട്ടിൽ നിന്നിറങ്ങി രണ്ട് വഴികളിലായി ഓടി. ഇതിനിടെ രണ്ടുപേർ വൈദ്യുതി കെണിയിൽ അകപ്പെട്ട് മരിക്കുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.
പിറ്റേദിവസവും സുഹൃത്തുക്കളെ കാണാതായപ്പോൾ ഓടിയ യുവാക്കളിൽ രണ്ടുപേർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് സംഘം പരിസരത്ത് നടത്തിയ തെരച്ചിലിലാണ് പാടത്ത് മണ്ണ് ഇളകിയ നിലയിൽ കണ്ടത്. പിന്നാലെ മണ്ണ് നീക്കിയപ്പോൾ മൃതദേഹങ്ങൾ കാണുകയായിരുന്നു. ഒന്നിന് മുകളിൽ ഒന്നായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.
അതേസമയം, പന്നിശല്യം രൂക്ഷമായതിനാൽ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ അനന്തൻ (52) പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോൾ പാടത്ത് മൃതദേഹങ്ങൾ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ പൊലീസിനോട് പറഞ്ഞത്. തെളിവ് നശിപ്പിക്കാനും ഇയാൾ ശ്രമിച്ചിട്ടുണ്ട്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |