നാസിക്ക്: വീട്ടിനുള്ളിൽ ചാർജിനിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്.മഹാരാഷ്ട്രയിലെ നാസിക്കിലെ ഉത്തംനഗർ ഏരിയയിൽ കഴിഞ്ഞദിവസമായിരുന്നു ഉഗ്ര സ്ഫോടനം. തീ പടർന്ന് വീടിനും കാര്യമായ കേടുണ്ടായിട്ടുണ്ട്. സമീപത്തെ റോഡിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകകളും തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചില വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സമീപത്തുള്ള ചില വീടുകളുടെ ജനാലകളും തകർന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
വൻ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് സമീപത്തായി ഒരു കുപ്പി ഡിയോഡറന്റ് ഉണ്ടായിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഫർണിച്ചറും ഇലക്ട്രോണിക് ഉത്പന്നങ്ങളും അടക്കം വീട്ടിനുളളിലെ സകലതും കത്തി ചാമ്പലായി.
സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാൽ ഇത്രവലിയ സ്ഫോടനത്തിന് കാരണമാകുമോ എന്ന സംശയം പൊലീസിനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലിൽ തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ജീവൻ നഷ്ടമായിരുന്നു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. രാത്രിയിൽ ഫോണിൽ വിഡിയോ കാണുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കുട്ടിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |