SignIn
Kerala Kaumudi Online
Thursday, 10 July 2025 6.27 AM IST

ഇടതുപക്ഷം ഭരിക്കുന്ന ബാങ്കിൽ പണം സുരക്ഷിതമെന്ന് സഖാവ് ജോഷി വിശ്വസിച്ചുപോയി: ഇന്ന് വീടും സ്ഥലവും വിൽപ്പനയ്ക്ക്

Increase Font Size Decrease Font Size Print Page
karuvannur

തട്ടിപ്പുകാർ തഴച്ചുവളരുകയും നിക്ഷേപകരുടെ ജീവിതം വഴിമുട്ടുകയും സി.പി.എമ്മിന് ഉത്തരം മുട്ടുകയും ചെയ്ത കരുവന്നൂർ തട്ടിപ്പിൽ മറനീക്കിയത് സഹകരണ ബാങ്കിലെ കാണാപ്പുറം. ഏഴായിരത്തിലേറെ നിക്ഷേപകരുടെ മുന്നൂറുകോടിയോളം രൂപയാണ് തിരിച്ചുകൊടുക്കാതെ ബാങ്ക് കൈമലർത്തുന്നത്. തുച്ഛമായ തുക വീതം തവണകളായി മടക്കിക്കൊടുത്താൽ തിരിച്ചുകിട്ടുന്നതല്ല കൈവിട്ടുപോയ അവരുടെ ജീവിതം. മക്കളുടെ വിവാഹം മുതൽ വാർദ്ധ്യക്യകാലത്തെ ചികിത്സവരെ തകിടം മറിഞ്ഞു.കിടപ്പാടംവരെ വിൽക്കേണ്ട അവസ്ഥ.

കരുവന്നൂരിലെ ആ നേർക്കാഴ്ചകളിലേക്ക്.

കേരളകൗമുദി കൊച്ചി യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ തയ്യാറാക്കിയ വാർത്താപരമ്പര ആരംഭിക്കുന്നു.


'വീടും സ്ഥലവും വിൽപ്പനയ്ക്ക്."ഇരിങ്ങാലക്കുട - തൃശൂർ റൂട്ടിൽ മാപ്രാണത്തു നിന്നുള്ള കുറുപ്പത്ത് റോഡിലെ ഇരുനില വീടിന്റെ ഗേറ്റിൽ രണ്ടു മാസമായി ഈ ബോർഡുണ്ട്. വിലപറഞ്ഞ് പലരും എത്തുന്നുണ്ട്. വടക്കേത്തല ജോഷിയുടെ വീടാണ്.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപമായ 14.50 ലക്ഷം രൂപ തിരിച്ചുകിട്ടാത്തതിന്റെ അനന്തരഫലമാണ് ഗേറ്റിലെ ആ ബോർഡ്. ഇടതുപക്ഷം ഭരിക്കുന്ന ബാങ്കിൽ പണം സുരക്ഷിതമെന്ന് സഖാവായ ജോഷി വിശ്വസിച്ചുപോയി.

2020 ന് മുമ്പ് തവണകളായി 8.50 ലക്ഷം രൂപ നിക്ഷേപിച്ചു. 2020ൽ ആറു ലക്ഷവും കൊണ്ടിട്ടു. ടാക്സ് കൺസൾട്ടന്റും കരാറുകാരനുമായതിനാൽ പല സന്ദർഭങ്ങളിലും പണം ആവശ്യമായിവരും.നിനച്ചിരിക്കാതെ ചികിത്സയ്ക്ക് വൻതുക വേണ്ടിവന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപംകൊണ്ട് സാമ്പത്തിക ബാധ്യത തീർക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതു തെറ്റിയതോടെയാണ് കിടപ്പാടം വിൽക്കേണ്ട അവസ്ഥയായത്.

''നാട്ടിലെ ബാങ്കിൽ നിക്ഷേപിച്ചതാണോ ചെയ്ത കുറ്റം ? സഹകരണ മേഖലയിലെ നിക്ഷേപം നൂറുശതമാനം സുരക്ഷിതമെന്ന് സർക്കാർ പറഞ്ഞാൽപ്പോര. പണം തിരിച്ചുനൽകണം."" ജോഷിയുടെ വാക്കുകളിൽ രാേഷം പ്രകടം.

ഇ.എം.എസ് നമ്പൂതിരിപ്പാടിന് ഒളിവ് സങ്കേതം ഒരുക്കിയ കുടുംബത്തിലെ അംഗമാണ് ജോഷി. മാർക്‌സിസ്റ്റാണെന്ന് ആവർത്തിക്കുന്ന ജോഷിക്കു മുന്നിൽ സി.പി.എം നേതാക്കളെല്ലാം കൈമലർത്തി. പലരെയും മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പാപക്കറയും ബാങ്കിനുമേലുണ്ട്.

മാപ്രാണം സ്വദേശി ഫിലോമിന ദേവസി, പൊറത്തുശേരി എടച്ചാലിൽ രാമൻ, മാടായിക്കോണം കാട്ടിപ്പറമ്പിൽ കുമാരൻ എന്നിവർ ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതിനാൽ ചികിത്സ നേടാൻ കഴിയാതെ മരിച്ചവരാണ്. തേലപ്പിള്ളി സ്വദേശി മുകുന്ദൻ, തളിയിക്കോണം സ്വദേശി ജോസ് എന്നിവർ ആത്മഹത്യ ചെയ്തത് ബാദ്ധ്യതകൾ നേരിടാൻ കഴിയാതെയാണെന്ന് നാട്ടുകാർ പറയുന്നു.

കുറി ചേർന്ന് തുക മുഴുവൻ അടച്ചെങ്കിലും തുക ലഭിക്കാത്തതിനാൽ ബ്ളേഡ് പലിശയ്ക്ക് പണം വാങ്ങി മകളുടെ വിവാഹം നടത്തേണ്ടിവന്ന ബസ് ഡ്രൈവർ തിലകൻ മറ്റൊരു ഇര. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും ബിനാമികളായി നടത്തിയ തട്ടിപ്പിന്റെ ഇരകൾ നൂറുകണക്കിനുണ്ട്.


(തുടരും)

TAGS: KARUVANNUR, THRISSUR, KERLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.